നമ്മുടെ സ്നേഹം പലരും കാണുന്നില്ല, മനസറിയുന്നില്ല. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. രതീശന്റെ സ്ഥിരം പരിഭവം കേട്ട സുഹൃത്താണ് സ്വാമി ദുർഗാനന്ദയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ഒരു ആചാര്യന്റെ ബാഹ്യപ്രകടനങ്ങളൊന്നുമില്ല. ഏതാൾക്കൂട്ടത്തിലും ഏകൻ. ഏതു ശബ്ദകോലാഹല നടുവിലും ശാന്തൻ.
രതീശന്റെ പരിഭവം സശ്രദ്ധം കേട്ട സ്വാമി ദുർഗാനന്ദ ഒന്നു പുഞ്ചിരിച്ചു. പൂർവാശ്രമത്തിൽ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു സ്വാമി. പ്രഭാഷണങ്ങളിലും ആ ശൈലി കാണാം. താൻ പറയുന്നത് കേൾക്കുന്നവർക്കെങ്കിലും മനസിലാകണമെന്ന് നിർബന്ധം.
കാഴ്ചയുള്ളവരും ഇല്ലാത്തവരും എന്ന നമ്മുടെ പൊതു കണക്കെടുപ്പ് തന്നെ ശരിയല്ല. കാഴ്ചശക്തി ജന്മനാ ഇല്ലാത്തവരുണ്ട്. അതിൽത്തന്നെ എത്രയോപേർ ജ്ഞാനക്കണ്ണാൽ സംഗീതജ്ഞരും കലാകാരന്മാരുമായി മാറിയിട്ടുണ്ട്. ഉണർന്നിരിക്കുമ്പോൾ തന്നെ കണ്ണു മലർക്കെ തുറന്നിരിക്കുന്നവർ എല്ലാം കാണുന്നുണ്ടോ. സ്വന്തം മാതാപിതാക്കളുടെ സ്നേഹം കാണാതെ പോകുന്ന മക്കളില്ലേ. ഭർത്താവിന്റെ മഹത്വം മനസിലാക്കാത്ത പങ്കാളികളില്ലേ. പതിവ്രതയായ ഭാര്യയെ സംശയദൃഷ്ടിയോടെ കാണുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാരില്ലേ? എത്ര സ്നേഹിച്ചാലും അത് തിരിച്ചറിയാതെ പോകുന്ന സഹോദരങ്ങളില്ലേ? കണ്ണു തുറന്നിരിക്കുന്നെങ്കിലും കാണേണ്ടത് കാണാത്ത അന്ധന്മാരല്ലേ ഇക്കൂട്ടർ.
അയൽവാസി അന്യമതക്കാരനോ വിരുദ്ധ രാഷ്ട്രീയക്കാരനോ ആയതുകൊണ്ടുമാത്രം അയാളുടെ ഗുണങ്ങൾ തിരിച്ചറിയാത്തവരില്ലേ. തൊട്ടടുത്തുള്ളത് ദരിദ്രവാസിയാണെങ്കിൽ അയാളെ നിന്ദയോടെ കാണുന്നവരായിരിക്കില്ലേ അധികവും. പുറംതൊലിയുടെ നിറഭേദം കൊണ്ടുമാത്രം ഉള്ളിലെ സ്നേഹത്തിന്റെ യഥാർത്ഥ നിറം കാണാത്തവർ എത്രയധികം.
ഏതെങ്കിലും തലമുറയിൽ പെട്ട ഒരാളിന്റെ അവിവേകം കൊണ്ട് ശത്രുപക്ഷത്തായിപ്പോയ നല്ല മനസുള്ളവരെ കാണാനുള്ള കണ്ണ് എത്രപേർക്കുണ്ട്. മുതലാളി- തൊഴിലാളി, വലിയവൻ - ചെറിയവൻ, കൃഷ്ണൻ - കുചേലൻ തുടങ്ങിയ കളങ്ങളിൽ കയറിപ്പറ്റിയാൽ തൊട്ടുനിൽക്കുന്നവന്റെ ഹൃദയം കാണാത്തവരല്ലേ കൂടുതൽ. സംഭാഷണത്തിനിടയിൽ ഭഗവത്ഗീതയും ഖുർ ആനും ബൈബിളുമൊക്കെ കടന്നുവന്നു. ആരെയും പെട്ടെന്ന് അംഗീകരിക്കാത്ത രതീശൻ ആത്മാർത്ഥമായി സ്വാമിയെ പ്രണമിച്ചു.
സുഹൃത്തിനൊപ്പം മടങ്ങുമ്പോൾ രതീശൻ പറഞ്ഞത്രേ: നല്ല വാക്കുകൾ ഒരാളെ എത്രവേഗം മഹത്തരമാക്കുന്നു. പരിഭവങ്ങളെല്ലാം തീർന്നിരിക്കുന്നു. ചെങ്കണ്ണ് രോഗബാധയ്ക്ക് ശേഷം വീണ്ടും കാഴ്ചശക്തി നേരെയായപോലെ. രതീശന്റെ മാറ്റം കണ്ട് സുഹൃത്ത് അതിശയിച്ചുപോയി.
(ഫോൺ: 9946108220)