സെെബീരിയയിൽ നിന്ന് വരുന്ന കുറിത്തലയൻ വാത്തുകളെ ( Bar-headed geese ) പറ്റി നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. അത്തരത്തിൽ പെട്ട മറ്റൊരു വർഗത്തെ കൂടി പരിചയപ്പെടാം. ഇവർ എത്തുന്നത് യൂറോപ്പിൽ നിന്നാണ്. ഏഷ്യയിലെയും യൂറോപ്പിലെയും തണുത്തുറഞ്ഞ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലെ തടാകങ്ങളിലേയ്ക്ക് ഇവർ എത്തുന്നു. ഗ്രേ ലാഗ് ഗൂസ് എന്നറിയപ്പെടുന്ന ഈ വാത്തുകൾ ഇന്ന് നമ്മൾ വീട്ടിൽ വളർത്തുന്ന വാത്തുകളുടെ പൂർവികർ ആയിട്ടാണ് കരുതപ്പെടുന്നത്. വലിയ കൂട്ടമായി കഴിയുന്ന ഒരു പക്ഷിയാണ് ഇത്.
ഒരു കൂട്ടത്തിൽ ഒട്ടനവധി കുടുംബങ്ങൾ ഉണ്ടാവും. ആയുഷ്കാലത്തെയ്ക്കാണ് ഇവർ ഇണകളാവുന്നത്. നല്ല വലിപ്പവും ഭാരവുമുള്ള പക്ഷികൾ. ഒരു മീറ്ററിന് അടുപ്പിച്ചു നീളമുണ്ട് ശരീരത്തിന്. ഭാരം മൂന്നു മുതൽ മൂന്നര നാലു കിലോ വരെ. ചിറകുവിടർത്തുമ്പോൾ ഓരോ ചിറകിനും അര മീറ്റർ അടുപ്പിച്ചു നീളം വരും. ചാരഛവി കലർന്ന തവിട്ടു നിറം. വെയിലടിക്കുമ്പോൾ ചുവപ്പു കലർന്ന തവിട്ടു നിറം പോലെ തോന്നും. തല കുറച്ചു ഇരുണ്ടിട്ടാണ്. ശരീരത്തിന്റെ അടിഭാഗം നരച്ചു വെളുത്ത നിറത്തിൽ കറുത്ത പുള്ളിക്കുത്തുകൾ കലർന്നത് നീണ്ട കഴുത്തിൽ നീളത്തിൽ തരംഗങ്ങൾ പോലെയുള്ള വരകൾ കാണാം. ഓറഞ്ചും മഞ്ഞയും കലർന്ന ചുണ്ടുകൾ. നേർത്ത പിങ്ക് നിറത്തിലുള്ള കാലുകൾ. ആണും പെണ്ണും ഒരുപോലെയാണെങ്കിലും ആണിനാണ് വലിപ്പം കൂടുതൽ.
കഴിക്കുന്നത് കൂടുതൽ മീനുകളെക്കാൾ, ജലാശയ സസ്യങ്ങൾ ആണ്. ഞണ്ട്, ഒച്ച് , നത്തയ്ക്ക എന്നിവയെയും അകത്താക്കാറുണ്ട്. മുഴുവൻ സമയവും വെള്ളത്തിൽ ആണെങ്കിലും ഇവർ കരയിലാണ് കൂടുണ്ടാക്കുന്നത്. ജലാശയങ്ങളോട് ചേർന്നുള്ള മൺതിട്ടകളിലോ പൊന്തക്കാടുകളിലോ ഒക്കെ മുട്ടയിടുന്നു. മൂന്നു മുതൽ അഞ്ചു മുട്ട വരെ കാണാം ഒരേ സമയത്ത്. പെൺപക്ഷി മുട്ടകൾക്ക് അടയിരിക്കുന്നു. രണ്ടുപേരും കൂട് സൂക്ഷിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഒരുപോലെ പാട് പെടുന്നു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ശരീരത്തിന്റെ അടിഭാഗത്ത് കറുത്തപുള്ളിക്കുത്തുകൾ ഒന്നുമുണ്ടാവില്ല.
മനുഷ്യർ ആദ്യകാലത്ത് വളർത്തു മൃഗങ്ങളും പക്ഷികളുമായി കൂട്ടിയവരിൽ വാത്തുകളും ഉൾപ്പെടും. 3000 ബി .സി കാലത്ത് ഈജിപ്തുകാർ വാത്തുകളെ വളർത്തിയിരുന്നു. അപ്പോൾ അതിനു മുൻപേ തന്നെ വാത്തുകൾ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിച്ചിരുന്നു എന്നർത്ഥം. സത്യത്തിൽ മനുഷ്യൻ ഉണ്ടാവുന്നതിനു മുൻപ് തന്നെ ഭൂമിയിൽ മറ്റെല്ലാ ജീവജാലങ്ങളും ഉണ്ടായി. മനുഷ്യർ ഒരു വിധം എല്ലാ ജീവജാലങ്ങളെയും അടിമകളുമാക്കി.