പുതിയ പ്രതീക്ഷകളും ഏറെ പ്രത്യാശകളുമായി വീണ്ടും ഒരു അദ്ധ്യയനവർഷത്തിലേക്ക് കടക്കുകയാണ്. മദ്ധ്യവേനലവധിക്കാലത്തെ ആലസ്യത്തിനും അലച്ചിലിനും വിരാമം കുറിച്ചുകൊണ്ട് കുട്ടികളുടെ കലപില ശബ്ദങ്ങളാൽ മുഖരിതമാവുകയാണ് നമ്മുടെ ഓരോ വിദ്യാലയങ്ങളും.
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പല പല ഗന്ധങ്ങൾ നാം അറിഞ്ഞും അനുഭവിച്ചിട്ടും ഉണ്ടെങ്കിലും വിദ്യാലയത്തിലെ ആദ്യദിനങ്ങളിലെ പുത്തൻ സ്കൂൾ വസ്ത്രങ്ങളുടെയുംം പുസ്തകങ്ങളുടെയും സുഗന്ധം ജീവിതാവസാനം വരെ നമ്മുടെ കൂടെയുണ്ടാകും. അത്രയ്ക്ക് വൈകാരികവും ഗൃഹാതുരത്വം ഉണർത്തുന്നതുമാണ് ഓരോ വ്യക്തിക്കും അവരവരുടെ വിദ്യാലയ ജീവിതം. എന്നാൽ, സ്കൂൾ തുറന്ന് ഒന്നു രണ്ട് ആഴ്ചകൾ കഴിയുന്നതോടെ പുതുമകളുടെ ഊഷ്മളത കെട്ടടങ്ങുകയും പലർക്കും വിദ്യാസമ്പാദനം ഒരു ഭാരമാകാനും തുടങ്ങുന്നു. പാഠഭാഗങ്ങൾ ഭാരമാകാൻ തുടങ്ങിയാൽ ജിജ്ഞാസ മരവിക്കും, ഒപ്പം വിദ്യാർത്ഥിക്കാനുള്ള ഒരുവന്റെ ഉത്സാഹവും കെടും. സ്നേഹവും സൗന്ദര്യവും എന്തെന്ന് നമ്മെ പഠിപ്പിച്ചു തരലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് നിർവചിച്ച ഗ്രീക്ക് തത്വചിന്തകനായ പ്ളേറ്റോ തുടങ്ങി,മരിയ മോണ്ടി സോറി, ടാഗോർ, സ്വാമി വിവേകാനന്ദൻ, ഗാന്ധിജി തുടങ്ങിയ എത്രയെത്ര മഹരഥന്മാർ വിദ്യാഭ്യാസത്തിലും ലക്ഷ്യത്തെക്കുറിച്ചും അതിലേക്ക് എത്തിച്ചേരേണ്ട മാർഗങ്ങളെക്കുറിച്ചുമൊക്കെ നമ്മെ പഠിപ്പിച്ചു. എങ്കിലും ജീവിതവുമായി ബന്ധപ്പെട്ട ഒരു വിദ്യാഭ്യാസ സങ്കല്പത്തിന് രൂപം നൽകാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് എഴുപത്തിയഞ്ചിലേക്ക് പദമൂന്നുന്ന സ്വതന്ത്ര ഇന്ത്യ ഇന്നും പിന്തുടരുന്ന ശാപം. ദീർഘവീക്ഷണത്തോടുള്ള കാഴ്ചപ്പാടുകളില്ലാതെ ലക്ഷക്കണക്കിന് അഭ്യസ്ത വിദ്യായന്ത്രങ്ങളെ സൃഷ്ടിക്കാൻ മാത്രം രൂപകല്പന ചെയ്ത നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായ രീതിയിൽ അടിമുടി മാറ്റങ്ങൾ അനിവാര്യമാണ്.
ഭാരതം സ്വതന്ത്രമായപ്പോൾ ഭരണകർത്താക്കൾ പ്രസ്താവിച്ചത് 1960ഓടെ ഏവർക്കും വിദ്യാഭ്യാസം ലഭ്യമാകും എന്നായിരുന്നു. പക്ഷേ, ആ ലക്ഷ്യം നേടാൻ ഇന്നും നമുക്കായിട്ടില്ല. 1964ൽ സർക്കാർ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ എല്ലാവശങ്ങളും സമഗ്രമായി പഠിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുവാനായി അന്നത്തെ യു.ജി.സി ചെയർമാനായിരുന്ന ഡോ. സി.എസ്. കോത്താരിയുടെ നേത്വത്തിൽ ഒരു കമ്മീഷൻ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. പ്രശ്നങ്ങളെ പ്രായോഗികമായി മറികടക്കാനുള്ള മാർഗ രേഖകൾ കോത്താരി കമ്മിഷൻ റിപ്പോർട്ടായി പുറത്തു വന്നെങ്കിലും അതിൽ പറഞ്ഞ കാതലായ പല കാര്യങ്ങളും വിവിധ കാരണങ്ങളാൽ നടപ്പിലാക്കുവാൻ ഭരണകർത്താക്കൾക്ക് കഴിഞ്ഞില്ല. തുടർന്ന് 1994ൽ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ റീ-വിറ്റലൈസേഷൻ പ്രോഗ്രാം (ഡി.ഇ.ആർ.പി) യും 2000ത്തിൽ നടപ്പിലാക്കിയ ഡി.പി.ഇ.പിയും നടപ്പിൽ വരുത്തിയ രീതിയിലെ വീഴ്ച മൂലം വിദേശ ബാങ്കുകളിൽ ഇന്ത്യയ്ക്ക് ശതകോടികളുടെ ബാദ്ധ്യത വരുത്തിവച്ചു എന്നല്ലാതെ വിജയലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞില്ല.
കേരളത്തിലെ സ്ഥിതി
ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിദ്യാഭ്യാസ സ്ഥിതി എക്കാലവും തികച്ചും വ്യത്യസ്തമായിരുന്നു. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസം എന്ന വസ്തുത നമ്മെ മനസിലാക്കിത്തരാൻ കെല്പുള്ള മഹദ് വ്യക്തികൾ നമുക്കുണ്ടായതാണ് ഈ മുന്നേറ്റത്തിന് ആക്കം കൂട്ടാൻ ഇടയാക്കിയത്. വിദ്യകൊണ്ട് പ്രബുദ്ധരാക്കാൻ നമ്മെ ഉത്ബോധിപ്പിച്ച ശ്രീനാരായണഗുരു, മാർട്ടൻ ജനതയുടെ ശാക്തീകരണത്തിന് ഉപോത്ബലകമായി നിലകൊണ്ട അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, മിഷനറിമാരുടെ നിസ്വാർത്ഥ സേവനങ്ങൾ എല്ലാം തന്നെ നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴികാട്ടികളായി. കൂടാതെ, വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ സമൂഹത്തിന്റെ മുഖച്ഛായയും ഘടനയും മാറ്റി ഈ മലയാള നാടിനെ ലോകസമൂഹത്തിന്റെ മുൻപന്തിയിലെത്തിക്കുക എന്ന ബൃഹദ് പദ്ധതിയിട്ടായിരുന്നു 1957ൽ ലോകത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ ചെയത്ത്. ആരോഗ്യം, തൊഴിൽ, സംസ്കാരം, വിദ്യാഭ്യാസം എന്ന മേഖലകളിൽ മുന്നേറ്റം കുറിക്കാൻ കഴിയുകയും 1958ൽ നവംബറിൽ കേരള എഡ്യൂക്കേഷൻ ആക്ട് പാസാക്കാനും ആ സർക്കാരിന് കഴിഞ്ഞു. എന്നാൽ, ജാതി മത ശക്തികളെ ഏകോപിപ്പിച്ച് ആ സർക്കാരിനെ പിരിച്ചു വിടാനുള്ള പ്രതിപക്ഷത്തിന്റെ ലക്ഷ്യം വിജയിച്ചതോടെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനവും ചരിത്രത്തിന്റെ ഭാഗമായി മാറി.
തിരുത്തേണ്ട ചില തെറ്റുകൾ
അക്കാഡമിക്ക് എ പ്ലസുകളേക്കാൾ വലുതാണ് ജീവിതത്തിലെ എ പ്ലസ് എന്ന് മനസിലാക്കിക്കൊടുക്കുവാൻ തക്ക പ്രാപ്തിയുള്ള വ്യക്തികളുമായി നേരിട്ട് സംവദിക്കാനും ഇടപഴകാനുമുള്ള അവസരങ്ങൾ കുട്ടികൾക്ക് ധാരാളം നൽകുന്നത് ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. വിരസത കൈ വെടിഞ്ഞ് ഉന്മേഷത്തോടെ ജീവിതത്തെ കാണാനും ഓരോ നിമിഷവും ഓരോ സുവർണ മുഹൂർത്തങ്ങളാക്കി മാറ്റാനുമുള്ള ചേതന കുട്ടികളിൽ സൃഷ്ടിക്കപ്പെടണം.പഠനത്തിലൂടെയും മനനത്തിലൂടെയും നവീന ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കാനും പ്രയോഗത്തിൽ വരുത്താനുമുള്ള ക്ഷമയും സഹനവും സഹാനുഭൂതിയും സ്വായത്തമാക്കാനുള്ള മനോമണ്ഡലം ഓരോ വിദ്യാർത്ഥിയിലും സൃഷ്ടിക്കലാണ് അദ്ധ്യാപകരും രക്ഷിതാക്കളും അവർക്ക് വേണ്ടി ചെയ്യേണ്ടത്. ഇന്ന് ഭൂരിഭാഗവും പാഠ്യേതര പുസ്തകങ്ങളുടെ വായനാശീലത്തിൽ നിന്നും പിൻവലിഞ്ഞ് ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലേക്ക് ചുവട് മാറ്റിയതോടെ കൗമാരകാലഘട്ടങ്ങളിൽ മുൻപ് കുട്ടികളിൽ കാണാറുണ്ടായിരുന്ന സർഗവാസനകളെല്ലാം മുരടിച്ചുപോയി.
തത്സ്ഥാനം കൈയ്യടക്കിയതോ വിദേശങ്ങളിലെ ചില കറക്കുകമ്പനികളും അവർ പടച്ചുവിടുന്ന ചില വീഡിയോ ഗെയിമുകളിൽ ആകൃഷ്ടരായി ഏകാന്തതയെ പുൽകി കൗമാരക്കാർ തന്നിലേക്ക് തന്നെ ഉൾവലിയുന്ന കാഴ്ചയാണ് നമുക്ക് ചുറ്റുമുള്ളത്.പരസ്പരം പടവെട്ടി മരിക്കുകയും സമൂഹത്തെയാകമാനം തന്റെ ശത്രുപാളയത്തിൽപ്പെട്ടവരെപ്പോലെ കാണുകയും ചെയ്യുന്ന 'പബ്ജി" എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന (player unknown"s battle grounds) ഗെയിം മിന്നൽ വേഗത്തിലാണ് കൊച്ചുകുട്ടികൾക്കിടയിൽ പോലും പ്രചുരപ്രചാരം നേടിയത്. ബ്രൻഡൻ ഗ്രീനി എന്ന ദക്ഷിണ കൊറിയക്കാരന്റെ ബുദ്ധിയിൽ ഉദിച്ച ഈ പടവെട്ടൽ മത്സരത്തിലൂടെ കമ്പനി ദിനം പ്രതി കോടികൾ കൊയ്തു കൂട്ടുമ്പോൾ ശാരീരിക മാനസിക നില നശിച്ച് അലസതയെ പുൽകി ജീവിത വഴി അടഞ്ഞുപോകുന്നത് ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളിലെ ഭാവി വാഗ്ദാനങ്ങളായ ദശലക്ഷം കൗമാരക്കാരുടെ മാനവികതയും മാനസിക ചേതനയുമാണ്. ഇതിനെതിരെ രംഗത്തിറങ്ങാൻ അദ്ധ്യാപക - രക്ഷകർതൃ സമൂഹം നിരന്തരം ജാഗരൂകരാകണം.നന്മയും സ്നേഹവും സാമൂഹ്യ ബോധവും തദ്വാര അദ്ധ്വാനശേഷയുമുള്ള ഒരു തലമുറയെ വളർത്തെയുടക്കണമെങ്കിൽ വിദ്യാഭ്യാസ വിചക്ഷണരും അദ്ധ്യാപകരും രക്ഷിതാക്കളുമെല്ലാം നിതാന്ത ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂ. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്വം ഓരോ വ്യക്തിയുടെയും കഴിവുകളെയാകമാനം തുറന്നു കാട്ടാനുള്ള നല്ലൊരുപാധിയാണ് എന്നത് നാം തിരിച്ചറിയാത്തിടത്തോളം കാലം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അപൂർണമായി തന്നെ തുടരും.
(ലേഖകൻ തോന്നയ്ക്കൽ
ബ്ലൂമൗണ്ട് പബ്ലിക് സ്കൂൾ ചെയർമാനാണ്)