നീണ്ട പന്ത്രണ്ട് വർഷത്തിന് ശേഷം മലയാളത്തിൽ മടങ്ങിയെത്തുകയാണ് നടി ഇന്ദ്രജ. ഒരുകാലത്ത് സൂപ്പർതാരങ്ങളുടെ സൂപ്പർനായികയായിരുന്നു ഇന്ദ്രജ. മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടെന്നു തന്നെ ഇടം നേടിയ ഇന്ദ്രജ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ വിവാഹിതയായി നീണ്ട ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോൾ 12-C എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് അവർ. കൊച്ചിയിൽ ഒരു കൂട്ടം പുതുമുഖങ്ങൾക്കിടയിൽ സീനിയർ താരത്തിന്റെ ഭാവമൊന്നുമില്ലാതെ ഇന്ദ്രജ വിശേഷങ്ങൾ പങ്കുവച്ചു. ഒരു വ്യാഴവട്ടത്തിന് ശേഷവും ഇന്ദ്രജ ആ പഴയ ഇന്ദ്രജ തന്നെ!
'' മലയാളത്തിലേക്ക് വീണ്ടും വരുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഇൻസ്റ്റഗ്രാമിലെ എന്റെ ഒരു ഫോട്ടോ കണ്ടാണ് സംവിധായകൻ 12 C എന്ന ഈ ചിത്രത്തിലേക്ക് എന്നെ ആലോചിക്കുന്നത്. വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും വളരെ വിജയകരമായി കൊണ്ടുപോകുന്ന കഥാപാത്രമാണ് എന്റേത്. ന്യൂജനറേഷൻ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ട്. അവർ സ്മാർട്ടാണ് ഒപ്പം വളരെ പ്രാക്ടിക്കലും. സംവിധായകർ ഉദ്ദേശിക്കുന്നതിലുമപ്പുറത്താണ് അവർ കാമറയ്ക്കു മുന്നിൽ നൽകുന്നത്. മടങ്ങി വരുമ്പോൾ കാണുന്ന ഏറ്റവും വലിയ മാറ്റവും അത് തന്നെയാണ്. "
ഇന്ദ്രജ അല്ല രാജാത്തി
ജന്മം കൊണ്ട് ഞാൻ ഒരു തെലുങ്കത്തിയാണ്. രാജാത്തി എന്നാണ് ശരിപ്പേര്. ആദ്യ ചിത്രം 'ജന്തർമന്തറി'ലെ എന്റെ കഥാപാത്രത്തിന്റെ പേര് ഇന്ദ്രജ എന്നായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് റിപ്പോർട്ടുകളിൽ രാജാത്തിക്ക് പകരം ഇന്ദ്രജ എന്ന പേരാണ് എന്റെ ഫോട്ടോയ്ക്ക് താഴെ അച്ചടിച്ചുവന്നത്. ആദ്യ റിലീസ് ചിത്രം യമിലീലയിലും ഇന്ദ്രജ എന്ന പേരിലാണ് എന്നെ പരിചയപ്പെടുത്തിയത്. അങ്ങനെ ഞാൻ ഇന്ദ്രജയായി. ഇപ്പോൾ രാജാത്തി എന്ന പേര് ഓർമ്മയിൽ നിന്നു പോലും മാഞ്ഞുതുടങ്ങിയിരിക്കുന്നു.
സൂപ്പർഹിറ്റ് മലയാളം
തെലുങ്കിൽ നല്ല തിരക്കായിരുന്ന സമയത്താണ് കെ. മധുസാർ 'ദി ഗോഡ്മാൻ" എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. മമ്മൂക്കയുടെ നായികയായി അങ്ങനെ മലയാളത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. തുടർന്ന് ഇൻഡിപെൻഡൻസ്, ഉസ്താദ്, എഫ്.ഐ.ആർ എന്നിങ്ങനെ തുടർച്ചയായി ചിത്രങ്ങൾ. 1999ൽ അഭിനയിച്ച നാല് മലയാള ചിത്രങ്ങളും ഹിറ്റുകളായിരുന്നു. ഒരു തെലുങ്ക് ചിത്രത്തിലെ പ്രകടനം കണ്ടിട്ട് സിബി സാർ നേരിട്ട് ഉസ്താദിലേക്ക് ക്ഷണിക്കുകയായിരുന്നു. ആലപ്പുഴ കായലിൽ ലാലേട്ടനോടൊപ്പം 'നാടോടിപ്പൂത്തിങ്കൾ മുടിയിൽ ചൂടി" എന്ന ഗാനത്തിന് ചുവടുകൾ വച്ചതൊന്നും ഈ ജന്മം മറക്കാൻ കഴിയില്ല. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അക്കാലത്ത് അഭിനയിക്കാൻ കഴിഞ്ഞു. മലയാള സിനിമയിൽ കുറേ സൂപ്പർഹിറ്റ് ഗാനങ്ങളും ലഭിച്ചു.
ഭവാനിയും ഭാമയും
മലയാളസിനിമയിൽ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ലഭിച്ചത് ക്രോണിക് ബാച്ചിലറിലെ 'ഭവാനി"ക്കാണ്. ഇപ്പോഴും ഭവാനി എന്ന് വിളിച്ച് പരിചയപ്പെടാൻ വരുന്നവരുണ്ട്. തബു, ജൂഹി ചൗള തുടങ്ങി പല ബോളിവുഡ് താരങ്ങളെയും മനസിൽ കണ്ട് സിദ്ധിഖ് സാറും ഫാസിൽ സാറും രൂപപ്പെടുത്തിയ കഥാപാത്രമായിരുന്നു ഭവാനി. ഗൗതമി, ഐശ്വര്യ എന്നിവരൊക്കെ വന്ന് ഏതാനും ഷോട്ടുകളിൽ അഭിനയിച്ച ശേഷം എന്തുകൊണ്ടോ തിരിച്ചുപോവുകയായിരുന്നു. ഒടുവിൽ ഒരു നിയോഗം പോലെ ഭവാനി എന്റെ കൈയിൽ എത്തുകയായിരുന്നു.
അതുപോലെ 'കൃഷ്ണാ ഗോപാലകൃഷ്ണ"യിലെ നായികാ കഥാപാത്രമാവാൻ ക്ഷണിക്കുമ്പോൾ തന്നെ ഹെവിയായ വേഷമാണെന്ന് ബാലചന്ദ്ര മേനോൻ സാർ സൂചിപ്പിച്ചിരുന്നു. ആദ്യം എന്റെ കഥാപാത്രത്തിന്റെ പേര് വേറെന്തോ ആയിരുന്നു. സത്യഭാമ എന്ന പേര് ഞാൻ നിർദ്ദേശിച്ചപ്പോൾ സംവിധായകൻ എനിക്ക് ഷേക്ക് ഹാൻഡ് നൽകി പറഞ്ഞു: യു ആർ കറക്ട്, ഈ കഥാപാത്രത്തിന് സത്യഭാമ എന്ന പേരേ ചേരൂ. സത്യഭാമ ഒട്ടേറെ അഭിനന്ദനങ്ങൾ നേടിത്തരുമെന്നും മികച്ച നടിക്കുള്ള പുരസ്കാരം നേടിത്തരുമെന്നുമെല്ലാം ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടോ പ്രേക്ഷകരും സിനിമാ പ്രവർത്തകരും നിരൂപകരുമെല്ലാം ആ കഥാപാത്രത്തെ തഴയുകയാണുണ്ടായത്.
വിവാഹം പിന്നെ ഇടവേള
മയിലാട്ടം, ബെൻ ജോൺസൺ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ ഒടുവിൽ ചെയ്തത്. എന്റെ കഥാപാത്രങ്ങളുടെ പ്രാധാന്യം നോക്കി മാത്രമാണ് അക്കാലങ്ങളിൽ സിനിമ ചെയ്തിരുന്നത്. ബാനറോ, സംവിധായകനോ, നായകനോ ഒന്നും എന്റെ സബ്ജക്ടായിരുന്നില്ല. എന്നിട്ടും കുറേ ഹിറ്റുകളിൽ സാന്നിദ്ധ്യമറിയിക്കാൻ കഴിഞ്ഞു. അത് ഭാഗ്യമായി കരുതുന്നു. ഭർത്താവ് മുഹമ്മദ് അബ്സാർ ബിസിനസ് മാനാണ്. ഒരു പാഷൻ പോലെ ചിലപ്പോൾ തമിഴ് സിനിമകളിൽ അഭിനയിക്കാറുമുണ്ട്. മകൾ സാറയ്ക്ക് ഇപ്പോൾ പതിനൊന്ന് വയസായി. 2006 ലായിരുന്നു ഞങ്ങളുടെ വിവാഹം. 2014 വരെ ഒരു ഇടവേളയെടുത്തു. മകൾ മുതിർന്നതിൽ പിന്നെ അഭിനയം തുടരാൻ ഭർത്താവ് സ്നേഹപൂർവ്വം നിർബന്ധിച്ച് തുടങ്ങി. അങ്ങനെയാണ് തെലുങ്ക് ചിത്രങ്ങളിലും സ്റ്റേജ് ഷോകളിലും വീണ്ടും സജീവമായിത്തുടങ്ങിയത്.
മമ്മൂക്ക എന്റെ വക്കീൽ
മലയാള സിനിമ പതുക്കെ എന്നെ മറന്നുതുടങ്ങിയതായിരുന്നു. അപ്പോഴാണ് സോഷ്യൽ മീഡിയയിൽ ആ വാർത്ത വരുന്നത്. വീട്ടുകാർ എന്റെ സമ്പത്ത് അപഹരിച്ചതിനെ തുടർന്ന് ഇന്ദ്രജ കേസ് കൊടുത്തുവെന്നും മമ്മൂട്ടി എന്റെ വക്കീലായി കോടതിയിലെത്തുമെന്നും ഒരു ശതമാനം പോലും വാസ്തവമല്ലാത്ത വാർത്ത. എന്റെ അമ്മ വർഷങ്ങൾക്ക് മുമ്പേ മരിച്ചു. പ്രായാധിക്യമുള്ള അച്ഛൻ ഞങ്ങളുടെ കൂടെയാണ്. അനിയത്തിമാർ വിവാഹിതരായി ചെന്നൈയിലും അമേരിക്കയിലും കഴിയുന്നു. ഞങ്ങൾക്കിടയിൽ ഒരു സൗന്ദര്യപ്പിണക്കം പോലും ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല ക്രോണിക് ബാച്ചിലറിന് ശേഷം മമ്മൂക്കയെ ഞാൻ കണ്ടിട്ടു പോലിമില്ല. ഫേക്ക് ന്യൂസാണെങ്കിലും ഇന്ദ്രജ എന്ന നടിയെ ചിലരെങ്കിലും ഓർക്കാനിടയായല്ലോ. അങ്ങനെ ആ വാർത്തയെ പോസിറ്റീവായി കാണാൻ ശ്രമിക്കുകയാണിപ്പോൾ.