ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മുതിർന്ന നേതാക്കളിൽ ചിലർ സ്വന്തം മക്കൾക്ക് മത്സരിക്കാൻ സീറ്റിനായി വാശിപിടിച്ചുവെന്ന് രാഹുൽ പ്രവർത്തക സമിതി യോഗത്തിൽ കുറ്റപ്പെടുത്തി.
പ്രാദേശിക നേതാക്കളെ വളർത്തിക്കൊണ്ടു വരാൻ കോൺഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്തും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മക്കൾക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. ഈ നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നതിന് എതിരായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും അദ്ദേഹം പേരെടുത്തു വിമർശിച്ചു. ശിവഗംഗയിൽ മകൻ കാർത്തി ചിദംബരമാണ് മത്സരിച്ചത്. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ താൻ ഉയർത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍ പാർട്ടി നേതാക്കൾ തയ്യാറായില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതിലുറച്ചു നിൽക്കുന്ന രാഹുലിനെ പിന്തുണച്ച് സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. എന്നാൽ, വിഷയത്തിൽ തീരുമാനമെടുക്കാൻ പാർട്ടിക്ക് അൽപംകൂടി സമയം കൊടുക്കണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്.
കഴിഞ്ഞ ദിവസം രാഹുലിന്റെ രാജി സന്നദ്ധത കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന തള്ളിയിരുന്നു. തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ സമഗ്ര അഴിച്ചുപണിക്ക് പ്രവർത്തക സമിതി രാഹുലിനെത്തന്നെ ചുമതലപ്പെടുത്തി. അപ്രതീക്ഷിതമായി ഏൽക്കേണ്ടിവന്ന വലിയ പരാജയമുയർത്തുന്ന വെല്ലുവിളിയുടെ ഘട്ടത്തിൽ പാർട്ടിക്ക് നേതൃത്വം നൽകാനും, വഴികാട്ടാനും അദ്ധ്യക്ഷപദവിയിൽ രാഹുലിന്റെ സാന്നിദ്ധ്യം അനിവാര്യമെന്ന് വിലയിരുത്തിയാണ് മൂന്നു മണിക്കൂർ നീണ്ട പ്രവർത്തക സമിതി യോഗം രാഹുലിന്റെ രാജിസന്നദ്ധത തള്ളിയത്.
പരാജയത്തെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുമെന്ന് സമിതി പാസാക്കിയ പ്രമേയത്തിൽ പരാമർശമുണ്ടെങ്കിലും, അതിന് പ്രത്യേക സമിതിയെ നിയോഗിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുന്നു. എന്നാൽ, യുവജനങ്ങൾ, കർഷകർ, പിന്നാക്കവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ എറ്റെടുത്ത് മുന്നോട്ടു പോകാൻ രാഹുലിന്റെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണ്. കോൺഗ്രസ് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ഇന്നലെ രാവിലെ എ.ഐ.സി.സി ആസ്ഥാനത്തു ചേർന്ന യോഗം വ്യക്തമാക്കി.