cpim

കണ്ണൂർ : ഏതു രാഷ്ട്രീയ കൊടുങ്കാറ്റിലും ഉലയാതെ പാറപോലെ പാർട്ടിക്ക് സംരക്ഷണ കവചം തീർക്കുന്ന കണ്ണൂരിലും കാസർകോടുമുള്ള സി.പി.എം ശക്തി കേന്ദ്രങ്ങിളിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ സംഭവിച്ച വോട്ട് ചോരൽ പാർട്ടിയെ അസ്വസ്ഥമാക്കുന്നു. വരും നാളുകളിൽ ഈ ചോർച്ചയുടെ കാരണങ്ങൾ കണ്ടെത്തുവാൻ പാർട്ടി വക അന്വേഷണങ്ങൾ വേണ്ടിവരും. ഇത്രയും വലിയ തിരിച്ചടി എങ്ങനെയുണ്ടായി എന്ന് പ്രാഥമികമായി വിലയിരുത്തുവാൻ പോലും ആവാത്ത അവസ്ഥയിലാണ് നേതാക്കളിപ്പോൾ. ഓർമ്മയുള്ള കലത്തൊന്നും ഇതുപോലൊരു തിരിച്ചടി കിട്ടിയിട്ടില്ലെന്നത് തന്നെ അതിന് കാരണം.

കണ്ണൂർ ജില്ലയിൽ മാത്രം 6.79 ശതമാനം വോട്ടുകളാണ് സി.പി.എമ്മിന് നഷ്ടമായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എൽ.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ തളിപ്പറമ്പ്,കൂത്തുപറമ്പ്,ഉദുമ,കണ്ണൂർ മണ്ഡലങ്ങളിൽ ഇത്തവണ കോൺഗ്രസാണ് മുന്നിലെത്തിയത്. പാർട്ടി ഗ്രാമങ്ങളെന്ന പേരിൽ അറിയപ്പെടുന്ന സി.പി.എമ്മിന് എക്കാലവും ആധിപത്യമുള്ള കല്യാശ്ശേരി,തലശ്ശേരി,മട്ടന്നൂർ,ധർമ്മടം എന്നിവിടങ്ങളിലെ കോൺഗ്രസ് മുന്നേറ്റവും പാർട്ടിയെ ഞെട്ടിക്കുന്നതാണ്. സി.പി.എമ്മിലെ മുതിർന്ന നേതാക്കളടക്കം പ്രതിനിധാനം ചെയ്യുന്ന സ്ഥലങ്ങളിൽ കാലടിയിലെ വോട്ട് ചോർച്ചയെ നിസാരമായി കാണുവാൻ സി.പി.എമ്മിനാവില്ല.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വോട്ട് ചോർച്ച സംബന്ധിച്ച വിലയിരുത്തലിൽ സി.പി.എമ്മിന് മുന്നിലെത്തിയത് ഉറച്ച കോട്ടകളിലുണ്ടായ തിരിച്ചടിയായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടായിരത്തോളം യു.ഡി.എഫ് വോട്ടുകൾ തള്ളിക്കാൻ സാധിച്ചിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് മണ്ഡലം 725 വോട്ടിന്റെ ഭൂരിപക്ഷം നൽകിയത് കാലടിയിലെ മണ്ണ് ചോരുന്ന അനുഭവമായി.

cpim

2016ൽ 40617 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തളിപ്പറമ്പിൽ നിന്ന് ജെയിംസ് മാത്യു രണ്ടാം വിജയം നേടിയത് .അതിന് മുമ്പ് ലോക് സഭ തിരഞ്ഞെടുപ്പിൽ പി.കെ.ശ്രീമതിയ്ക്ക് 14219 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചതാണ്. ഈ ലീഡൊക്കെ മറികടന്നാണ് കെ.സുധാകരൻ ചെറുതെങ്കിലും മണ്ഡലത്തിന്റെ ആധിപത്യം അവസാനിപ്പിച്ച ലീഡ് സ്വന്തമാക്കിയത്.

സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയായ ആന്തൂരും ചുവപ്പ് കോട്ടയായ മലപ്പട്ടവും കുറുമാത്തൂരും പരിയാരവും മറികടന്നാണ് സുധാകരൻ നിയോജകമണ്ഡലത്തിൽ ലീഡ് നേടിയത്.ഇതിൽ കുറുമാത്തൂർ പഞ്ചായത്തിൽ യു.ഡി.എഫ് 161 വോട്ടിന്റെ ലീഡും നേടി. ചപ്പാരപ്പടലിൽ 4354 ,കൊളച്ചേരിയിൽ 5003 വീതം സുധാകരന് ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇടതുകോട്ടയായ പരിയാരത്ത് 1300 വോട്ടിന്റെ ഭൂരിപക്ഷം മാത്രാണ് എൽ.ഡി.എഫിന് ലഭിച്ചത് . മയ്യിൽ പഞ്ചായത്തിൽ 2496 ,മലപ്പട്ടത്ത് 2290 , കുറ്റിയട്ടൂരിൽ 2175 വോട്ടും മാത്രമെ എൽ.ഡി.എഫിന് ലീഡ് ലഭിച്ചുള്ളു.

1970 ൽ അന്നത്തെ തളിപ്പറമ്പ് എം.എൽ.എ. ആയിരുന്ന പരേതനായ കെ.പി. രാഘവപൊതുവാളിനെ 909 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സി.പി. ഗോവിന്ദൻ നമ്പ്യാർ പരാജയപ്പെടുത്തിയതാണ് ഇതുവരെയുള്ള തളിപ്പറമ്പിലെ വലതുവിജയം. ഇതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പിൽ എം.വി.രാഘവനെ ഇറക്കി സി.പി.എം സീറ്റ് പിടിച്ചെടുത്തു.

പാർട്ടി ഗ്രാമങ്ങളിൽപ്പോലും ഉണ്ടായ തിരിച്ചടിയുടെ കാരണം ശബരിമലയാണോ, അക്രമ രാഷ്ട്രീയത്തിനോടുള്ള പൊതുജന വികാരമാണോ എന്ന് ഇനിയും കണ്ടത്തേണ്ടിയിരിക്കുന്നു. പൊതുജനത്തിന് ഹിതകരമല്ലാത്ത കാര്യങ്ങളിൽ പ്രവർത്തകർ ഇടപെടരുതെന്നും കേരളത്തിലെ പകുതിപ്പേരുടെ പിന്തുണ പോലും സ്വന്തമാക്കാൻ പാർട്ടിക്ക് ഇതുവരെയായില്ലെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ അക്രമ രാഷ്ട്രീയത്തിനോടുള്ള താക്കീതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. വ്യക്തിപരമായ വിരോധത്താലാണ് കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ സി.പി.എം പ്രാദേശിക നേതാവ് വധിച്ചതെന്ന സംഭവം കൂടി ചേർത്ത് വയ്ക്കുമ്പോൾ അക്രമ രാഷ്ട്രീയത്തിന് കനത്ത വില പാർട്ടിക്ക് നൽകേണ്ടി വന്നുവെന്ന് മനസിലാവും.