sabarimala-protest

തളിപ്പറമ്പ് : തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി സി.പി.എം നേതാക്കളുടെ കണ്ണ് തുറപ്പിക്കുന്നു. ശബരിമല വിഷയം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്ന് തുറന്ന് പറയാൻ സി.പി.എം മടികാട്ടുമ്പോൾ 'ശബരിമലവിഷയം ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇടത്പക്ഷത്തിനായില്ലെന്ന്' തുറന്ന് പറഞ്ഞ് എം.വി.ഗോവിന്ദൻ. കെ.എസ്.ടി.എ ജില്ലാ പഠനക്യാമ്പ് പറശിനിക്കടവ് ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

sabarimala-protest

തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും പരാജയ കാരണം ശബരിമല വിഷയം കൂടിയാണ്.
സിപിഎം വിശ്വാസികൾക്കെതിരല്ലെന്ന് അവരെ ബോധ്യപ്പെടുത്താനായില്ല. വിശ്വാസികൾക്കെതിരായ സമീപനം
സി.പി.എമ്മിന്റെ ലക്ഷ്യമല്ല. സി.പി.എം ഉത്പാദിപ്പിച്ച മോദി വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ ജനങ്ങൾ കൃത്യമായി ഉൾക്കൊണ്ടു.എന്നാൽ ഫാസിസത്തിന് ബദൽ കോൺഗ്രസാണ്. മോദിക്ക് ബദൽ രാഹുൽ ഗാന്ധിയാണ് എന്ന പൊതുബോധം സൃഷ്ടിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനുമായി. അതിൽ ആശങ്കാകുലരായ ന്യൂനപക്ഷം ഒന്നടങ്കം കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു.മസിൽ പവറ് കൊണ്ടൊന്നും ആരും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദിയാവില്ല. വിശ്വാസി സമൂഹത്തെ വിശ്വാസി സമൂഹമായി തന്നെ കാണണം.വിശ്വാസിയെയും അവിശ്വാസിയെയും ഒപ്പം നിർത്താതെ സിപിഎമ്മിനും ഇടത്പക്ഷത്തിനും ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല. ശബരിമല പ്രധാന വിഷയമാണ്. സി.പി.എമ്മിലടക്കം മഹാഭൂരിപക്ഷവും വിശ്വാസികളാണ്. ഇടതുപക്ഷത്തിനെതിരായ വികാരമായിരുന്നില്ല ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചത്. ഇവയെല്ലാം പരിശോധിച്ച് തെറ്റുതിരുത്തി ഇടതുപക്ഷ പ്രസ്ഥാനം മുമ്പോട്ട് പോകുമെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.

കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ. സി. സുധീർ അദ്ധ്യക്ഷത വഹിച്ചു. എം. വി. ജനാർദ്ദനൻ, പി. മദനമോഹനൻ, വി. പി. മോഹനൻ എന്നിവർ സംസാരിച്ചു.