sabarimala

പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിലും വെള്ളിയിലും കുറവു കണ്ടെത്തി. 40 കിലോ സ്വർണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവുകളാണ് കണ്ടെത്തിയത്. സ്വർണവും വെള്ളിയും സട്രോംഗ് റൂമിൽ നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇതുസംബന്ധിച്ച് ശബരിമല സ്ട്രോംഗ് റൂം നാളെ തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുക.


സ്ട്രോംഗ് റൂം തുറന്ന് ക്രമക്കേട് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ അറിയിച്ചു. ആറ് വർഷമായി സ്ട്രോംഗ് റൂം തുറന്ന് പരിശോധിച്ച് കൃത്യമായി ചുമതല കൈമാറിയിട്ടില്ല. ക്രമക്കേട് നടന്നോ എന്നറിയണമെങ്കിൽ സ്ട്രോംഗ് റൂം പരിശോധിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ശബരിമലയിൽ വഴിപാടായി ലഭിച്ചിരിക്കുന്ന സ്വർണവും വെള്ളിയും അടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ കാര്യത്തിലാണ് കുറവുവന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് ദേവസ്വം വിജിലൻസിന് അടക്കം ചില പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്.