ഒരു പക്ഷി പറക്കുന്നതു കണ്ടിട്ട് അതുപോലെ പറക്കാൻ ഒരുവൻ ആഗ്രഹിച്ചാൽ എന്താവും ഫലം? സമുദ്രത്തിൽ നീന്തിത്തുടിക്കുന്ന ഒരു മത്സ്യത്തെ കണ്ടിട്ട് അതുപോലെ നീന്തിത്തുടിക്കാൻ ഒരുവൻ ആഗ്രഹിച്ചാൽ എന്താവും ഫലം? നാശമായിരിക്കും ഫലം. കാരണം ഇതുരണ്ടും ഒരിക്കലും ഒരുവനു സാദ്ധ്യമാക്കാനാവുന്ന ആഗ്രഹങ്ങളല്ല. ഇനി സാദ്ധ്യമാക്കാൻ ഇറങ്ങിത്തിരിച്ചാൽത്തന്നെ അത് നാശത്തിലേക്കുള്ള പുറപ്പാടാവുകയും ചെയ്യും. എന്തെന്നാൽ മനുഷ്യന്റെ ശരീരഘടന ഇതിനു ഒട്ടും യോജിക്കുന്ന തരത്തിലുള്ളതല്ലെന്നതുതന്നെ. അതിനാൽ സ്വബോധമുള്ളവരാരും ഇത്തരത്തിൽ ആഗ്രഹിക്കുകയില്ല.
മനുഷ്യനു ഈശ്വരൻ ശരീരം നല്കിയിരിക്കുന്നത് ഏതെങ്കിലുമൊരു പറവയെപ്പോലെ പറക്കാനോ സമുദ്രത്തിൽ മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കാനോ അല്ല. പറവയ്ക്ക് പറന്നും മത്സ്യത്തിനു നീന്തിയുമേ ജീവിക്കാനാവൂ എന്നതുകൊണ്ടാണ് അവയ്ക്ക് ഈശ്വരൻ ചിറകും വാലുമൊക്കെയായി യോജിക്കുന്ന ശരീരഘടനയും മറ്റും നല്കിയിട്ടുള്ളത്. ആ ശരീരങ്ങളെ എങ്ങനെയാണോ ഉപയോഗപ്പെടുത്തേണ്ടത് അങ്ങനെ ഉപയോഗപ്പെടുത്തി അവയെല്ലാം ജീവിക്കുന്നുമുണ്ട്.
എന്നാൽ മനുഷ്യൻ തനിക്കു കിട്ടിയ ശരീരം കൊണ്ട് എങ്ങനെയാണ് ജീവിക്കേണ്ടത് എന്നറിയാതെ ജീവിച്ചുപോകുന്നതായാണു കാണുന്നത്. ഒരു ചിത്രത്തിലിരിക്കുന്ന പൂവിനെ കണ്ടിട്ട് അതൊരു ചിത്രമാണെന്നറിയാതെ യഥാർത്ഥ പൂവാണെന്ന് കരുതി അതിൽ നിന്ന് തേൻ നുകരാൻ മുട്ടിയും ഉരുമിയും നില്ക്കുന്ന ഒരു ശലഭത്തെപ്പോലെയാണ് പലപ്പോഴും മനുഷ്യൻ അവന്റെ ശരീരം കൊണ്ട് വ്യർത്ഥമായ കാര്യങ്ങളിൽ ഇടപെടുന്നത്. ആ ചിത്രത്തിലെ പൂവിൽ എത്ര നേരമിരുന്നാലും ഒരിറ്റു തേൻപോലും ലഭിക്കുകയില്ലെന്ന സത്യം അറിയാതെ ശലഭം അതിൽത്തന്നെ പറ്റിപ്പിടിച്ച് ഇരിക്കുന്നതുപോലെ മനുഷ്യനും സുഖം തേടി ഭോഗവസ്തുക്കളിന്മേൽ മുട്ടിയുരുമ്മി കഴിഞ്ഞുകൂടുകയാണ്. ഇങ്ങനെ ശരീരമെന്നത് ഭോഗത്തിനുള്ളതാണെന്നും അഥവാ സുഖാനുഭവത്തിനുള്ളതാണെന്നും മറ്റൊന്നിനെ തനിക്കു വേണ്ടുംവിധം ഉപയോഗപ്പെടുത്താനുള്ളതാണെന്നും ധരിച്ചുവെച്ചിരിക്കുന്ന ആധുനികരുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടാണ് ഏതൊരു വസ്തുവും ഏതൊരു വിഷയവും ഏതൊരു സാഹചര്യവും ഒരുവനെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ സുഖവുമായി സംബന്ധപ്പെട്ടതായിത്തീരുന്നത്. ശരീരത്തിന്റെ സുഖമാണ് എന്റെ സുഖം എന്ന ധാരണയാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. നമ്മുടെ പഠനവും ചിന്തയും തൊഴിലും സംവാദവും സംസർഗ്ഗവുമെല്ലാം ഈ ധാരണയുമായി കൂടിക്കുഴഞ്ഞു കിടക്കുകയാണ്. വാസ്തവത്തിൽ ഈ ശരീരമെന്നത് ഭോഗത്തിനായിട്ടുള്ളതല്ല മറിച്ച് ലോകസംഗ്രഹപ്രവർത്തനം ചെയ്യുന്നതിനായിട്ടുള്ളതാണ്. പരോപകാര പരതയ്ക്കുള്ളതാണ്. ത്യാഗമനുഷ്ഠിക്കാനുള്ളതാണ്. ലാഭേച്ഛ കൂടാതെ കർമ്മം ചെയ്യാനുള്ളതാണ്. സ്നേഹത്തിന്റെ ഇരിപ്പിടമാകാനുള്ളതാണ്. സ്വ ഹിതത്തെ പരഹിതവുമായി ഇണക്കിയെടുക്കാനുള്ളതാണ്. അറിവിന്റെ പ്രകാശം വിതറുന്ന ഒരു കൂടാരമായി നില്ക്കാനുള്ളതാണ്. ഇപ്പറഞ്ഞവയെയെല്ലാം ഓരോരോ തിരികളായി കാണുകയാണെങ്കിൽ അവകളെയെല്ലാം ഒരു വിളക്കിൽ ഒന്നിച്ചു ചേർത്തുവച്ച് കത്തിച്ചാൽ കിട്ടുന്ന ഒരു വെളിച്ചമുണ്ട്. ആ വെളിച്ചത്തിൽ അവനവന്റെ കടമ നിറവേറ്റപ്പെടണം. അതിനാണ് സ്വധർമ്മാനുഷ്ഠാനം എന്നു ഗുരുക്കന്മാർ പറയുന്നത്. അപ്പോൾ ഈ ശരീരം ഈശ്വരൻ നമുക്കു തന്നിരിക്കുന്നത് സ്വധർമ്മം അനുഷ്ഠിച്ച് ജീവിക്കാൻ വേണ്ടിയാണെന്നർത്ഥം.
സ്വധർമ്മത്തിന്റെ പ്രകൃതഭാവമാണ് സേവനം. സേവനമെന്നാൽ ശുശ്രൂഷയാണ്. പരിപാലനമാണ്. ശുശ്രൂഷിക്കുന്നതിലൂടെയാണ് ഈശ്വരനെ അറിയുന്നതും കണ്ടെത്തുന്നതും ഈശ്വരൻ പ്രത്യക്ഷപ്പെടുന്നതും. അതുകൊണ്ടാണ് 'സേവനമാണ് എന്റെ മതം' എന്നു മഹാത്മാഗാന്ധി നമ്മോട് പറഞ്ഞത്.
സേവനം പ്രവൃത്തിയെ നിവൃത്തിയുടെ പാരമ്യതയിലേക്കുയർത്തുന്ന ഒരു ദൈവികമാർഗമാണ്. പരിശുദ്ധിയും ആദർശനിഷ്ഠയുമുള്ള സേവനത്തിലൂടെ മാത്രമേ ലോകത്തിന്റെ ദുരിതം നീക്കാനാവുകയുള്ളൂ. അതു ജീവിതസന്ദേശമാക്കിയ ഋഷിവര്യനായിരുന്നു ഗുരുദേവതൃപ്പാദങ്ങൾ. അതിന്റെ തെളിവും വെളിവുമാണ് 'ആളുകളുടെ ദുരിതം ഇല്ലാതാക്കുകയാണ് നമ്മുടെ ലക്ഷ്യം . മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ ഈശ്വരനെ പൂജിക്കാൻ കഴിയൂ' എന്ന ഗുരുവചനത്തിൽ നിറഞ്ഞു കവിയുന്നതെന്നു കാണാം.
ഇന്ന് നമ്മുടെ സമൂഹം ഒരാളെ വിലയിരുത്തുന്നത് അയാളുടെ വ്യക്തിഗതമായ നിലകളെയും തലങ്ങളെയും മാനദണ്ഡമാക്കിക്കൊണ്ടാണ്. അതിൽ പൂവിൽ സുഗന്ധമെന്നപോലെ നിസ്വാർത്ഥ സേവനത്തിന്റെ സുഗന്ധമില്ലെങ്കിൽ അയാൾ എത്ര വലിയ സ്ഥാനീയനായിരുന്നാൽ പോലും ഉയർന്നവനായി കാലം കണക്കാക്കുകയില്ല. ഒരു വലിയ വിളക്ക് തിരിയില്ലാതെ ഇരുട്ടത്തിരുന്നാൽ അതിനെ ആരും കാണാതിരിക്കുന്നതു പോലെയാണ് അയാളുടെ ഉയരവും മറഞ്ഞിരിക്കുന്നത്. എന്നാൽ ആ വിളക്കിലൊരു ചെറുതിരി എരിയുകയാണെങ്കിൽ അതിന്റെ ഉയരത്തിൽ നിന്നുള്ള ആ പ്രകാശം കൊണ്ട് ഒരു വീടിനകമാകെ മൂടിക്കിടക്കുന്ന ഇരുട്ട് അകന്നുപോകും. അതുമാതിരി ശരീരത്തെ സേവനത്തിനുള്ളതാക്കി മാറ്റുന്നവൻ യാതൊരു സ്ഥാനമാനത്തിനും ഉടമയല്ലെങ്കിൽക്കൂടി അവൻ ഏവർക്കും പ്രിയപ്പെട്ടവനായിത്തീരും.
എന്നാൽ സേവനത്തെ ഒരു തൊഴിലായി കാണുകയും തൊഴിലിനെ ഒരു സേവനമായി കാണുകയും ചെയ്യുന്നവർക്ക് യഥാർത്ഥസേവനത്തിന്റെ തെളിമയും മഹിമയും മനസിലാവുകയില്ല. ശരീരത്തെ സേവനത്തിനുള്ളതാക്കി മാറ്റാൻ തുടങ്ങുമ്പോഴാണു വാസ്തവത്തിൽ നമ്മൾ ജീവിച്ചു തുടങ്ങുന്നത്. അതുവരെ നമ്മൾ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നറിയാതെ സുഖലോലുപതയാണ് ശരീരത്തിന്റെ ധർമ്മമെന്നു ധരിച്ചു ജീവിച്ചുപോവുകയായിരുന്നു. അതാകട്ടെ ദൈവഹിതമായ ഒരു ജീവിതമായിരുന്നില്ലതാനും.
ആനന്ദദായകമായ ഒരു ജീവിതം ഈ ആയുസിൽ പൂർത്തിയാക്കാനാണു ഈശ്വരൻ നമ്മെ ഒരു ശരീരസ്ഥനാക്കി ഈ പ്രകൃതിയിലേക്കു പറഞ്ഞു വിട്ടിരിക്കുന്നത്. ആ ജീവിതാനന്ദത്തിന്റെ താക്കോലിരിക്കുന്നത് സേവനത്തിന്റെ മഹിമയിലാണെന്നു നാമറിയണം.
ആ സേവനത്തിന്റെ ഉള്ളാണ് ആത്മോപദേശശതകത്തിൽ ഗുരുദേവൻ ഇങ്ങനെ വാങ്മയമാക്കി വച്ചിരിക്കുന്നത്.
'അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നുസുഖത്തിനായ് വരേണം'