ന്യൂഡൽഹി: ഭാര്യയെ ആക്രമിച്ച തെരുവുനായയെ തല്ലിക്കൊന്ന ഭർത്താവ് അറസ്റ്റിൽ. സംഭവത്തിൽ മുകുന്ദ്പുരിൽ ഫൗസി കോളനിയിലെ രാജ്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തടയാനുള്ള നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. വളർത്തുനായയ്ക്കൊപ്പം റോഡിലൂടെ പോകവേയാണ് രാജ്കുമാറിന്റെ ഭാര്യയെ തെരുവു നായ ആക്രമിച്ചത്.
സംഭവമറിഞ്ഞ ഇയാൾ ഒരു വടിയുമായെത്തി നായയെ തല്ലിക്കൊല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ സമീപവാസികളിലാരോ ഫോണിൽ പകർത്തുകയായിരുന്നു. ശേഷം ദൃശ്യങ്ങൾ പൊലീസിൽ ഹാജരാക്കി. ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ സമീപത്തെ സിസിടിവിയിൽ നിന്നും ഇയാൾ നായയെ തല്ലിക്കൊല്ലുന്ന ദൃശങ്ങൾ പൊലീസ് കണ്ടെടുത്തു. തൊട്ടുപിന്നാലെ രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.