വികസിത രാജ്യങ്ങളിൽ പ്രചുരപ്രചാരം നേടിയതും, എന്നാൽ നമ്മുടെ നാട്ടിൽ ഇന്നും ശൈശവാവസ്ഥ കൈവിട്ടിട്ടില്ലാത്തതുമായ ഒരു വൈദ്യശാസ്ത്ര ശാഖയാണ് എമർജൻസി മെഡിസിൻ , അഥവാ ആക്‌സിഡന്റ് ആൻഡ് എമർജൻസി മെഡിസിൻ . കാഷ്വാലിറ്റിയും എമർജൻസി മെഡിസിൻ വിഭാഗവും തമ്മിലുള്ള അന്തരം എന്താണെന്ന് മനസിലാക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല.
ആധുനിക വൈദ്യശാസ്ത്ര സങ്കേതങ്ങളുടെയും വിദഗ്ധ - അവിദഗ്ധ മനുഷ്യ വിഭവശേഷിയുടെയും അത്യന്താധുനിക ആംബുലൻസ് സംവിധാനങ്ങളുടേയും ഉപകരണങ്ങളുടേയും സംയുക്തസമന്വയത്തിലൂടെ മരണാസന്നരോ അംഗവൈകല്യമോ ആന്തരികാവയങ്ങളുടെ നാശമോ സംഭവിക്കാൻ സാധ്യതയുള്ളവരോ ആയ രോഗികളെ സമയബന്ധിതമായ പ്രവർത്തനങ്ങളിലൂടെയും , ചികിത്സയിലൂടെയും രക്ഷപ്പെടുത്തിയെടുത്തു തുടർചികിത്സയ്ക്കു സജ്ജമാക്കുക എന്നതാണ് എമർജൻസി വിഭാഗം ചെയ്യുന്നത്.
രോഗം മൂലമോ ചികിത്സയുടെ ഫലമായോ അപകടങ്ങൾ , തീപ്പൊള്ളൽ, വൈദ്യുതാഘാതം, സർപ്പദംശനം, വിഷാംശം, ബാഹ്യവസ്തുക്കൾ ശ്വാസനാളത്തിൽ കുടുങ്ങിയോ അപ്രതീക്ഷിതമായി ജീവന് ഭീഷണി ഉണ്ടാകാറുണ്ട് . ഇങ്ങനെയുള്ള ഘട്ടങ്ങളിലാണ് പ്രാവീണ്യവും പ്രാഗത്ഭ്യവും പ്രായോഗിക പരിജ്ഞാനമുള്ള എമർജൻസി സ്‌പെഷ്യലിസ്‌റ്റ് ഡോക്ടർമാരുടെ സേവനം നിർണായകമാകുന്നത്. ആശുപത്രികളിലോ ആംബുലൻസുകളിലോ മാത്രമേ നിലവിൽ ഈ സേവനം ലഭ്യമാകൂ എന്നിരിക്കെ എമർജൻസി ചികിത്സയുടെ പൂർണമായ ഗുണഫലങ്ങൾ ലഭ്യമാകണമെങ്കിൽ പൊതുജനപങ്കാളിത്തവും അധികാരികളുടെയും ഗവൺമെന്റ് സംവിധാനങ്ങളുടേയും സഹകരണവും സഹായവും അത്യന്താപേക്ഷിതത്വമാണ്. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധ ഡോക്ടർമാരെയും നഴ്‌സിംഗ് പാരാമെഡിക്കൽ വിഭാഗങ്ങളെയും ടെക്നീഷ്യൻമാരെയും ആംബുലൻസ് സംവിധാനങ്ങളിലെ പരിചയസമ്പന്നരെയും പൊതുജനങ്ങളെയും അധികാരികളെയും സർക്കാർ സംവിധാനങ്ങളെയും സന്നദ്ധ സംഘടനകളെയും മറ്റെല്ലാവരെയും എമർജൻസി മെഡിക്കൽ കെയറിനെ പറ്റി ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ലോക എമെർജൻസി മെഡിസിൻ ദിനമായി ആചരിക്കുന്നത് .
യൂറോപ്യൻ സൊസൈറ്റി ഓഫ് എമെർജൻസി മെഡിസിൻ എന്ന സംഘടനയാണ് ലോകമെമ്പാടും ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് . ഇനിയും എമർജൻസി വിഭാഗത്തിന്റെ പ്രവർത്തനമേഖലകൾ ഏതൊക്കെ എന്ന് നോക്കാം .
ജീവന് ഭീഷണിയായേക്കാവുന്ന ഹൃദയസ്തംഭനം, ഹൃദയാഘാതം, ഹൃദയതാള വ്യതിയാനങ്ങൾ , പക്ഷാഘാതം , അപകടങ്ങൾ, ശ്വാസകോശ തകരാറുകൾ, രക്തസ്രാവം, സെപ്‌സിസ് (അഥവാ കൂടിയ മാത്രയിലുള്ള അണുബാധ), അമിതം /താണ രക്തസമ്മർദ്ദം, വിഷബാധ, പാമ്പുകടി എന്നീ സാഹചര്യങ്ങളിലെ വേഗമേറിയപ്രവർത്തനങ്ങളും വിദഗ്ധ ചികിത്സയും
മുൻകൂട്ടി നിശ്ചയിക്കാതെയും അപ്രതീക്ഷിതമായും ഉണ്ടാകുന്ന അടിയന്തിര ഘട്ടങ്ങളിലെ അതിവേഗ ചികിത്സ.
ഹിംസാത്മക പ്രവർത്തനങ്ങളും ലൈംഗികപീഡനവും മുഖേന ഉണ്ടാകുന്ന പ്രശ്‌നങ്ങൾ തടയൽ.
പ്രകൃതി ദുരന്തങ്ങൾക്കെതിരെയുള്ള സംയുക്ത, ഏകോപിത പ്രവർത്തനങ്ങൾ. എമർജൻസി മെഡിസിൻ എന്ന ബോർഡ് വച്ചിട്ടുണ്ടെങ്കിലും അതിനുള്ള സംവിധാനങ്ങളോ അത് കൈകാര്യം ചെയ്യാൻ കഴിവുള്ള വിദഗ്ധ ഡോക്ടർ മാരോ സഹപ്രവർത്തകരോ മിക്ക സ്ഥാപനങ്ങളിലും നിലവിലില്ല. കാഷ്വാലിറ്റി വിഭാഗമാണ് വിവിധ ആശുപത്രികളിൽ ഇപ്പോഴുള്ളത്. കാഷ്വാലിറ്റിയും എമർജൻസി മെഡിസിൻ വിഭാഗവും തമ്മിലുള്ള അന്തരം എന്തെന്ന്
പൊതുജ
നങ്ങൾക്കും എന്തിന് ഹോസ്‌പിറ്റൽ അധികാരികൾക്ക് പോലും അറിയാത്ത സാഹചര്യമാണുള്ളത്. ഒരു ശരാശരി ഐ.സി.യുവിലുള്ള എല്ലാ സജ്ജീകരണങ്ങളും എമർജൻസി വിഭാഗത്തിൽ ലഭ്യമാണ്. എവിടെയാണോ എമർജൻസി വിഭാഗം വികാസം പ്രാപിച്ചിട്ടില്ലാത്തത്, എമർജൻസി സംവിധാനം യഥാവിധി സജ്ജീകരിച്ചിട്ടില്ലാത്തത്, വിദഗ്ധ ഡോക്ടർമാരുടെയും പ്രായോഗിക പരിജ്ഞാനം നേടിയ സഹപ്രവർത്തകരുടെയും യോഗ്യത നിർണയിച്ച് സർട്ടിഫിക്കറ്റുകൾ നൽകി പ്രദർശിപ്പിച്ചിട്ടില്ലാത്തത് , എവിടെയാണോ എമർജൻസി സംവിധാനങ്ങൾ അപര്യാപ്തമായിട്ടുള്ളത് , അവിടെ ഒരു നല്ല ജീവിതം നയിക്കാനുള്ള നിങ്ങളുടെ അവകാശം ധ്വംസിക്കപ്പെടുന്നു. അതിനാൽ നിങ്ങളുടെ അവകാശം മടികൂടാതെ ചോദിച്ചു വാങ്ങുക
( കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമർജൻസി വിഭാഗം കൺസൾട്ടന്റാണ്)