women-wall

ശബരിമല സ്ത്രീപ്രവേശനത്തെ ആദ്യഘട്ടത്തിൽ എതിർക്കുകയും പിന്നീട് സർക്കാർ ആഭിമുഖ്യത്തിൽ തീർത്ത വനിതാമതിലിന്റെ മുഖ്യ സംഘാടനത്തിൽ പങ്കാളിയുമായ ഹിന്ദു പാർലമെന്റ് ഭാരവാഹി സി.പി.സുഗതൽ സി.പി.എമ്മിന് തിരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ കാരണം വ്യക്തമാക്കി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരത്തിന്റെ മുന്നണിയിൽ നിന്നും പിൻവാങ്ങിയതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശന വിധി വന്നയുടൻ തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ആക്ടിവിസ്റ്റുകളെ തടയുന്നതിനായി താനുൾപ്പടെയുള്ള വിശ്വാസികൾ അണിനിരന്നിരുന്നുവെന്നും അന്ന് ബി.ജെ.പി പ്രവർത്തകരടക്കമുള്ള സംഘപരിവാറുകാർ നിലയ്ക്കലിൽ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നുവെന്നും അദ്ദേഹം വ്യത്കമാക്കുന്നു. എന്നാൽ ആവണി അവിട്ട പൂജയ്ക്കിടെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംഘപരിവാറുകാർ സന്നിധാനത്ത് എത്തിയത്. ശബരിമലയുടെ പേരിൽ രാഷ്ട്രീയം കളിക്കാൻ ഏത് രാഷ്ട്രീയ പാർട്ടി തുനിഞ്ഞിറങ്ങിയാലും തങ്ങൾ പിൻമാറുമെന്ന ആദ്യമേ പ്രഖ്യാപിച്ചിരുന്നുവെന്നും അതിനാലാണ് ശബരിമലയുടെ പേരിലുള്ള സമര പരിപാടികളിൽ നിന്നും വിട്ടുനിന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സുപ്രീംകോടതി വിധിക്കെതിരെ ശബരിമലയിൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുവാൻ തുടക്കത്തിൽ മുഖ്യമന്ത്രിക്ക് താത്പര്യമില്ലായിരുന്നുവെന്നും അതിനാലാണ് തന്റെ പേരിൽ കേസെടുക്കാതിരുന്നതെന്നും സുഗതൻ വ്യക്തമാക്കുന്നു. പിന്നീട് നവോത്ഥാന മുദ്രാവാക്യങ്ങളുയർത്തിയുള്ള സർക്കാരിന്റെ പ്രചരണങ്ങളിൽ ഹിന്ദു പാർലമെന്റ് പങ്കാളിയായെന്നും അതിനാലാണ് വനിതാ മതിലിൽ അണിചേരാൻ തീരുമാനിച്ചത്. ഹിന്ദു പാർലമെന്റിലെ 94 സമുദായങ്ങളും സർക്കാർ പരിപാടിയോട് ചേർന്നു നിൽക്കുകയായിരുന്നു. നവോത്ഥാനവും വനിതമതിലും ഒരു സർക്കാർ പരിപാടിയായതിനാലാണ് അതിന്റെ ഭാഗമായത്. ഞങ്ങൾ ഇടതുപക്ഷമല്ലാത്ത ഭക്തരായ 25 ലക്ഷം സ്ത്രീകളെ അവരുടെ ആൾക്കാർക്കൊപ്പം എത്തിച്ചു മതിലു വിജയിപ്പിച്ചു, എന്നാൽ അന്നുതന്നെ രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റി പിണറായി സർക്കാർ തങ്ങളെ ദുഖിപ്പിച്ചുവെന്നും സി.പി.സുഗതൻ തുറന്നെഴുതുന്നു.

ഈ സംഭവത്തിന് ശേഷം ഇടതുപക്ഷവുമായുള്ള അകൽച്ച തുടങ്ങിയെന്നും ഇതുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടു നിൽക്കാഞ്ഞതെന്നും പറയുന്ന സി.പി.സുഗതൻ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനേറ്റ തിരിച്ചടിയുടെ കാരണങ്ങളെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നുണ്ട്.