remya-haridas

ആലത്തൂർ : സി.പി.എം മുതിർന്ന നേതാവും ഇടതുമുന്നണി കൺവീനറുമായ എ.വിജയരാഘവനെതിരെ നൽകിയ പരാതിയിൽ പരാതിക്കാരിയെ ഒന്ന് ഫോൺ ചെയ്ത് ചോദിക്കുവാനുള്ള മര്യാദ പോലും വനിത കമ്മിഷൻ കാണിച്ചില്ലെന്ന ഗുരുതര ആരോപണവുമായി ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പര്യടനത്തിനിടെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ വ്യക്തിഹത്യ നടത്തിയ സംഭവത്തിൽ വനിത കമ്മീഷനിൽ രമ്യ പരാതി നൽകിയിരുന്നു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വനിത കമ്മീഷൻ തനിക്ക് നീതി നിഷേധിച്ചുവെന്ന് രമ്യ ആരോപിക്കുന്നത്.

വനിത കമ്മിഷൻ സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും സ്ത്രീകളുടെ ഭാഗത്ത് നിന്ന് അവർക്ക് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയാണ് വനിത കമ്മിഷനിൽ തനിക്കുണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി. അതേസമയം, വിജയരാഘവനെതിരെ നൽകിയ പരാതി പിൻവലിക്കില്ലെന്നും യു.ഡി.എഫ് തീരുമാനത്തിന് അനുസൃതമായി കേസിൽ മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കുന്നു.

ഇടത് കോട്ടയായിരുന്ന ആലത്തൂരിൽ ഒന്നരലക്ഷത്തിന് മേൽ ഭൂരിപക്ഷം നേടി വൻവിജയമാണ് രമ്യഹരിദാസ് സ്വന്തമാക്കിയത്. ഇടത് പരാജയത്തിന് പിന്നാലെ വിജയ രാഘവനെ വിമർശിച്ചു കൊണ്ട് മന്ത്രി എ.കെ.ബാലനും രംഗത്ത് വന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമർശം വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.