alphons-kannanthanam

തിരുവന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 13 എൻ.ഡി.എ സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച കാശ് നഷ്ടമായി. ബി.ജെ.പി ഏറ്റവും പ്രതീക്ഷ വച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. എന്നാൽ,​ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ശബരിമല ഒരു സുവർണാവസരമാണെന്ന് നേരത്തെ ബി.ജെ.പി അവകാശപ്പെട്ടിരുന്നു.

ഗവർണർ സ്ഥാനം രാജിവയ്പ്പിച്ച് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് നിറുത്തി. രാജ്യസഭ എം.പി സുരേഷ് ഗോപിയെയും കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തെയും സ്ഥാനാർത്ഥിയാക്കി. പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്തായി. 20 എൻ.ഡി.എ സ്ഥാനാർത്ഥികളിൽ13 പേർക്കാണ് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടത്. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം,​ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി,​ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ ഇവർക്കൊക്കെ കെട്ടിവച്ച കാശ് നഷ്ടമായി.

ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ 16.1 ശതമാനം വോട്ട് നേടുന്നവർക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരികെ ലഭിക്കുക. സംസ്ഥാനത്ത് മത്സരിച്ച ഏഴ് എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് മാത്രമാണ് ഇത്രയും വോട്ട് നേടാനായത്.

സംസ്ഥാനത്ത് കുമ്മനം രാജശേഖരൻ (തിരുവനന്തപുരം), ശോഭ സുരേന്ദ്രൻ (ആറ്റിങ്ങൽ), സി കൃഷ്ണകുമാർ (പാലക്കാട്) കെ.സുരേന്ദ്രൻ (പത്തനംതിട്ട) സുരേഷ് ഗോപി (തൃശൂർ), കെ.എസ് രാധാകൃഷ്ണൻ (ആലപ്പുഴ), പി.സി തോമസ് (കോട്ടയം) എന്നിവർമാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയ സ്ഥാനാർത്ഥികൾ. തുഷാർ വെള്ളാപ്പള്ളിയും അൽഫോൻസ് കണ്ണന്താനവുമാണ് ഏറ്റവും ദയനീയ പ്രകടനം കാഴ്ചവെച്ചത്.

ശബരിമല സമരത്തിന്റെ മുന്നണിപോരാളിയായിരുന്ന എ.എൻ രാധാകൃഷ്ണനും (ചാലക്കുടി) യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് പ്രകാശ് ബാബുവിനും (കോഴിക്കോട്) മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് വി.ടി രമയ്ക്കും (പൊന്നാനി) കെട്ടിവെച്ച കാശ് പോയി.

സംസ്ഥാന സെക്രട്ടറി വി.കെ സജീവൻ (വടകര), ബി.ഡി.ജെ.എസ് നേതാവ് ടി.വി ബാബു (ആലത്തൂർ) ന്യൂനപക്ഷ മോർച്ച നേതാവ് സാബു വർഗീസ് (കൊല്ലം), ബി.ഡി.ജെ.എസ് നേതാവ് തഴവ സഹദേവൻ (മാവേലിക്കര), ബി.ഡി.ജെ.എസ് നേതാവ് ബിജു കൃഷ്ണൻ (ഇടുക്കി), രവീശ തന്ത്രി കുണ്ടാർ(കാസർകോട്) എന്നിവരാണ് കെട്ടിവെച്ച കാശ് പോയ മറ്റ് എൻ.ഡി.എ സ്ഥാനാർത്ഥികൾ. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളായി മത്സരിച്ച ആർക്കും കെട്ടിവെച്ച കാശ് നേടാൻ കഴിഞ്ഞില്ല.