പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ്ണത്തിൽ കുറവു വന്നു എന്ന രീതിയിലുള്ള വിവാദം അനാവശ്യമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ഇതുമായി ബന്ധപ്പെട്ടുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ഒരുതരി സ്വർണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ അളവുമായി ബന്ധപ്പെട്ടാണ് അവ്യക്തത. വഴിപാട് വസ്തുകളുടെ കണക്കെടുപ്പില്‍ നാല്‍പ്പത് കിലോ സ്വര്‍ണ്ണത്തിന്റെയും നൂറ് കിലോയിലേറെ വെള്ളിയുടെയും കുറവ് കണ്ടെത്തിയിരുന്നു. അതേസമയം കുറവ് കണ്ട വസ്തുക്കൾ ശബരിമല സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതായി രേഖകളില്ല. ഇതേ തുടര്‍ന്ന് സ്ട്രോംഗ് റൂം അടിയന്തരമായി തുറന്ന് പരിശോധിക്കാന്‍ ദേവസ്വം ഓഡിറ്റ് വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ ശബരിമല സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.