ganeeva

ഒരിയ്ക്കൽ മുഖ്യ ഉപജീവനമാർഗമായിരുന്ന കൃഷി കേരളത്തിൽ ഇന്ന് അന്യം നിന്നു തുടങ്ങിയിരിക്കുകയാണ്. കൃഷിയെ സംസ്‌കാരത്തിന്റെ ഭാഗമായി കണ്ടിരുന്ന ജനതയാണ് നമ്മുടേത് എന്നാൽ ഈ മൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചതുകൊണ്ട് മാത്രമൊന്നും ഇവിടെ കൃഷിയ്ക്ക് പണ്ടത്തെ പ്രാധാന്യം കൈവരിക്കാനാവില്ല. ഈ അവസ്ഥയിൽ നിന്നും കൃഷിയെ മാറ്റിയെടുക്കാൻ കാർഷിക പുരോഗതി കൈവരിക്കുവാൻ അതിന്റെ പരിസ്ഥിതി പ്രാധാന്യം മനസിലാക്കി ടൂറിസവുമായി ബന്ധിപ്പിക്കുവാനുള്ള ശ്രദ്ധ നൽകണമെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഇതിനായി ജനീവ എന്ന ചെറുപട്ടണത്തിന്റെ അവസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതുന്നു. ചെറിയ സ്ഥലമായിട്ടുകൂടി കൃഷി പ്രാധാന്യം നൽകുന്ന ഒരു ജനതയെ ജനീവയിൽ കാണാനാവും, കൃഷിയെ ടൂറിസവുമായി കൂട്ടിയിണക്കി മികച്ച ഉപജീവന മാർഗ്ഗമാക്കി അവർ മാറ്റുന്നതെങ്ങനെയെന്ന് അദ്ദേഹം എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇവിടം സ്വർഗ്ഗമാണ്..

വെറും പതിനാറു സ്‌ക്വയർ കിലോമീറ്റർ വലുപ്പമുള്ള ഒരു നഗരമാണ് ജനീവ. അതിൽ അഞ്ചു ലക്ഷത്തോളം ആളുകൾ ഉണ്ട്. അധികം ഉയരമുള്ള കെട്ടിടങ്ങൾ ഇല്ല അതുകൊണ്ടു തന്നെ വീടുകൾ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. വാങ്ങുന്നതിനെ പറ്റി ചിന്തിക്കുക പോലും വേണ്ട.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ ചെറിയ സ്ഥലത്തിനകത്ത് അനവധി മുന്തിരി തോട്ടങ്ങൾ ഉണ്ട്. നൂറ്റാണ്ടുകളായി അവിടെ മുന്തിരി കൃഷിയും ഉണ്ട്. ഇപ്പോഴും കൃഷി തുടരുന്നു.

വർഷത്തിൽ ഒരിക്കൽ കഴിഞ്ഞ വർഷത്തെ വൈൻ വീപ്പ പൊട്ടിക്കുന്ന ഒരു ഔദ്യോഗിക ചടങ്ങുണ്ട്. അന്ന് നാട്ടുകാർക്കെല്ലാം വൈൻ ഫ്രീ ആണ്. അമ്പതോ അറുപതോ മുന്തിരി തോട്ടങ്ങളും വൈൻ സെല്ലറുകളും ഒക്കെ ഉണ്ട്. അവ ഒക്കെ ഒറ്റ ദിവസം ആണ് തുറക്കുന്നത്. അപ്പോൾ ഒന്നിന് പുറകെ ഒന്നായി മുന്തിരി തോട്ടത്തിൽ ചെല്ലുക, കുറച്ചു കുറച്ചായി കുടിക്കുക, ആസ്വദിക്കുക. ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം ?.

ഇതുകൊണ്ടൊക്കെ അവർക്കെന്ത് ഗുണം എന്ന് തോന്നാം ?. ഇതൊരു വൈൻ കച്ചവടം മാത്രമല്ല. വലിയൊരു ടൂറിസ്റ്റ് ആഘോഷം ആണ് അവിടെ മുഴുവൻ. ഓരോ വൈൻ സെല്ലറിന് മുൻപിലും പന്തൽ ഒക്കെ ഉണ്ട്. ചെറുകിട ഭക്ഷണ കച്ചവടം ഒക്കെ ഉണ്ട്. വീട്ടിലെ കുട്ടികളും മുതിർന്നവരും ഒക്കെ ഒരപോലെ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നു. വർഷങ്ങൾ കഴിയും തോറും ആളുകളുടെ എണ്ണം കൂടി വരുന്നു.

കേരളത്തിൽ കൃഷി ഇപ്പോൾ മൃത പ്രായം ആണ്. കൃഷി ധർമ്മമാണ്, കർമ്മമാണ്, സംസ്‌കാരം ആണ്, ഭക്ഷ്യ സുരക്ഷക്ക് അനിവാര്യമാണ് എന്ന നിലയിലൊന്നും കൃഷിയെ ഇനി കേരളത്തിൽ രക്ഷപെടുത്താൻ പറ്റില്ല. കൃഷി എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി ടൂറിസവും ആയി ബന്ധിപ്പിച്ച് പുതിയൊരു കാർഷിക സംസ്‌കാരം നമുക്ക് ഉണ്ടാക്കണം. എന്നാൽ കൃഷിക്കും കൃഷിഭൂമിക്കും ഒരു സാധ്യത ഉണ്ട്.

മുരളി തുമ്മാരുകുടി