തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ താൻ നടത്തിയത് രാഷ്ട്രീയ പരാമർശം മാത്രമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമർശം തിരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന മന്ത്രി എ.കെ ബാലന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രമ്യ ഹരിദാസിനെതിരായി താൻ നടത്തിയത് രാഷ്ട്രീയ പരാമർശം മാത്രമാണ്. എ കെ ബാലൻ തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല. എന്താണ് എ.കെ ബാലൻ അത്തരമൊരു പരാമർശം നടത്താൻ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവന്റെ പരാമർശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും സി.പി.എം തിരിച്ചറിഞ്ഞതിൽ സന്തോഷമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. വനിതാ കമ്മിഷനിൽ നിന്ന് തനിയ്ക്ക് നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയത്തിനതീതമായി വനിതാ കമ്മിഷണർ ചിന്തിക്കണമെന്നും രമ്യ കൂട്ടിച്ചേർത്തു.
വിജയരാഘവന്റെ പരാമർശം തിരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞിരുന്നു. രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം പി.കെ ബിജുവിന്റെ തോൽവിയെ ബാധിച്ചുവെന്നായിരുന്നു എ.കെ ബാലൻ അഭിപ്രായപ്പെട്ടത്. പക്ഷേ ഏതെങ്കിലും രൂപത്തിൽ അപമാനിക്കണമെന്ന് വിജയരാഘവൻ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.