jagan

ന്യൂഡൽഹി: ആന്ധ്രയുടെ നിയുക്ത മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്നും 30000കോടി രൂപയുടെ ബില്ലുകൾ ഉടനടി തീർപ്പാക്കണമെന്നും ജഗൻ മോദിയോട് ആവശ്യപ്പെട്ടു. കൂടാതെ ആന്ധ്രയിലെ നിലവിലെ സാമ്പത്തിക സ്ഥിതിയെപ്പറ്റി പ്രധാനമന്ത്രിയെ അറിയിക്കുകയും, ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ കാലതാമസമെടുക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

സംസ്ഥാന പുന:സംഘടനാ നിയമം നടപ്പാക്കണമെന്നും ജഗൻ ആവശ്യപ്പെട്ടു. കൂടാതെ കടപ്പ സ്റ്റീൽ പ്ലാന്റ്,വിശാഖ പട്ടണം -വിജയവാഡ അതിവേഗ റെയിൽ പദ്ധതി എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും ജഗൻ പ്രധാനമന്ത്രിക്ക് നൽകി. ഒപ്പം പ്രധാനമന്ത്രിയെ തന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാനും ജഗൻ മറന്നില്ല. തെലുങ്ക് ദേശം പാർട്ടി എൻ.ഡി.എ സഖ്യം ഉപേക്ഷിച്ചതിന് ശേഷം മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഗവൺമെന്റും ആന്ധ്രയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതേസമയം ജഗൻ മോഹൻ റെ‌ഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് ബി.ജെപിയോടും കോൺഗ്രസിനോടും സമദൂര നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.