bjp

ബെംഗളൂരു: കർണാടകത്തിൽ വീണ്ടും ഓപ്പറേഷൻ കമലയ്‌ക്ക് നീക്കം. ഇടഞ്ഞുനിൽക്കുന്ന രണ്ട് കോൺഗ്രസ് എം.എൽ.എ.മാർ ഇന്ന് ബി.ജെ.പി നേതാക്കളെ കണ്ട് ചർച്ച നടത്തി. രമേശ് ജാർക്കിഹോളി, ഡോ. സുധാകർ എന്നീ എം.എൽ.എമാരാണ് വീണ്ടും വിമത നീക്കം നടത്തുന്നത്. ബി.ജെ.പിയിലേക്ക് കൂടുമാറിയ പഴയ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണയുമായിട്ടായിരുന്നു എം.എൽ.എമാരുടെ ചർച്ച.

ഈ കൂടിക്കാഴ്ചയില്‍ പ്രമുഖ ബി.ജെ.പി നേതാവ് ആർ അശോകും പങ്കെടുത്തു. എസ്.എം കൃഷ്ണയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ യെദ്യൂരപ്പയും പങ്കെടുത്തതായാണ് റിപ്പോർട്ട്‌. എന്നാൽ,​ പാർട്ടി കാര്യങ്ങൾ ചർച്ചചെയ്യാനായി താൻ എസ്.എം കൃഷ്ണയെ കാണാൻ എത്തിയതാണെന്നും അല്ലാതെ തനിക്ക് ജാർക്കിഹോളിയുമായോ സുധാകറുമായോ സൗഹൃദം പോലുമില്ലെന്ന് അശോക് പ്രതികരിച്ചു.

രാഷ്ട്രീയം ചർച്ചചെയ്തില്ലെന്നും എസ്.എം കൃഷ്ണയെ കണ്ട് 25 സീറ്റും നേടിയ ബി.ജെ.പി വിജയത്തിൽ അഭിനന്ദിക്കാനാണ് എത്തിയതെന്നുമായിരുന്നു ജാർക്കിഹോളിയുടെ പ്രതികരണം.