mc-josaphine

കൊച്ചി: വനിതാ കമ്മിഷനിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന ആലത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. രമ്യ ഹരിദാസിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് ജോസഫൈൻ നൽകിയ മറുപടി.

എൽ.ഡി.എഫ് കൺവീനർ എ.വിജയ രാഘവൻ രമ്യയ്ക്കെതിരെ മോശം പരാമർശം നടത്തിയിരുന്നു.ഇതിനെതിരെ വനിതാ കമ്മിഷനെ സമീപിച്ചെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്നും വനിത കമ്മിഷൻ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്നും രമ്യ കുറച്ച് മുന്പ് പറഞ്ഞിരുന്നു. അതേസമയം രമ്യ ഹരിദാസിനെതിരായ വിജയ രാഘവന്റെ പ്രസ്താവന തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും ഇത് ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു പി.കെ ബിജുവിന്റെ വോട്ടു കുറയാൻ കാരണമായെന്നും മന്ത്രി എ.കെ ബാലൻ അഭിപ്രായപ്പെട്ടിരുന്നു.