punalekar

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോൽക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ സനാതൻ സൻസ്ത അംഗവും അഭിഭാഷകനുമായ സഞ്ജീവ് പുനലേക്കർ,​ സഹായി വിക്രം ഭാവെ എന്നിവരെ ജൂൺ ഒന്ന് വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. പൂനെയിലെ പ്രത്യേക കോടതിയിലാണ് ഇന്നലെ ഇരുവരെയും ഹാജരാക്കിയത്. പൂനെയിൽനിന്നായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

സനാതൻ സൻസ്തയ്ക്ക് നിയമസഹായം നൽകി വരുന്ന ഹിന്ദു വിതിന്ത്യ പരിഷത് എന്ന അഭിഭാഷക കൂട്ടായ്മയിലെ അംഗമാണ് പുനലേക്കർ. 2008ൽ മുംബയിലെ താനെയിൽ ഓഡിറ്റോറിയം, തിയേറ്ററുകൾ എന്നിവ കേന്ദ്രീകരിച്ച് നടന്ന ബോംബ് സ്ഫോടനത്തിലെ പ്രതിയാണ് ഭാവെ. 2013 ൽ ബോംബെ ഹൈക്കോടതി ഭാവെയ്ക്ക് ഈ കേസിൽ ജാമ്യം നൽകിയിരുന്നു. ധബോൽക്കറെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സനാതൻ സൻസ്ത അംഗവും ഇ.എൻ.ടി സർജനുമായ ഡോ. വീരേന്ദ്ര താവ്‌ഡേയെ 2016 ജൂണിൽ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. താവ്ഡെയാണ് കൊലപാതകത്തിന്റെ സൂത്രധാരൻ എന്നായിരുന്നു സി.ബി.ഐ നിഗമനം. ധബോൽക്കർ വധക്കേസിൽ പിടിയിലായവർക്ക് മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നേരത്തേ ധബോൽക്കർ കൊലക്കേസിൽ അന്വേഷണ ഏജൻസികളുടെ മെല്ലെപ്പോക്ക് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി പലതവണ രംഗത്തെത്തിയിരുന്നു.