അമേതി: ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു. ഇന്നലെ പുലർച്ചെ ബറൗലിയ ഗ്രാമത്തിലാണ് സംഭവം. മുൻ ഗ്രാമത്തലവൻ കൂടിയായ സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ അജ്ഞാതസംഘം സുരേന്ദ്രന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഉടനേ ഇയാളെ ലക്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു സുരേന്ദ്ര സിംഗ് ഗ്രാമത്തലവൻ സ്ഥാനം രാജിവച്ചത്. പ്രചാരണത്തിലുടനീളം സജീവപങ്കാളിയായിരുന്ന സുരേന്ദ്ര സിംഗിനെ സ്മൃതി തന്റെ പ്രസംഗങ്ങളിൽ അഭിനന്ദിച്ചിരുന്നു.
പ്രതികളിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് ഇവരെ ചോദ്യംചെയ്തുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയ വൈരാഗ്യമല്ല, കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബറൗലിയയിൽ സുരേന്ദ്ര സിംഗിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ സ്മൃതി പങ്കെടുത്തു.
മുൻ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബി.ജെ.പി നേതാവ് മനോഹർ പരീക്കർ, കേന്ദ്രസർക്കാരിന്റെ സൻസത് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിംഗ്.