etf

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കേന്ദ്രസർക്കാർ വീണ്ടും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഉൾപ്പെടുത്തിയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്) അവതരിപ്പിക്കുന്നു. മ്യൂച്വൽഫണ്ട് മാതൃകയിൽ നിക്ഷേപം തേടിയാണ് സർക്കാർ ഇ.ടി.എഫുകൾ അവതരിപ്പിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ സർക്കാർ ഓഹരി പങ്കാളിത്തം കുറയ്ക്കുകയും അതുവഴി ലഭിക്കുന്ന നിക്ഷേപത്തിലൂടെ ധനക്കമ്മി നിയന്ത്രിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം.

ഓഹരികൾ പോലെ കൈകാര്യം ചെയ്യാവുന്ന ഇ.ടി.എഫിന് ഇന്ത്യയിൽ മികച്ച സ്വീകാര്യതയുണ്ട്. സുതാര്യതയും കുറഞ്ഞ ചെലവും ഇ.ടി.എഫുകളുടെ പ്രത്യേകതയാണ്. പൊതുമേഖലാ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് കമ്പനികൾ എന്നിവയുടെ ഓഹരികൾ ഉൾപ്പെടുത്തിയുള്ള ഇ.ടി.എഫ് ആണ് ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഇതിനായുള്ള കൺസൾട്ടൻസി സ്ഥാപനത്തെ ഉടൻ നിയമിക്കും. നേരത്തേ ഭാരത് - 22 ഇ.ടി.എഫ്., സി.പി.എസ്.ഇ - ഇ.ടി.എഫ് എന്നിവ അവതരിപ്പിച്ച് സർക്കാർ മികച്ച നേട്ടമുണ്ടാക്കിയിരുന്നു.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ അവതരിപ്പിച്ച ഭാരത് - 22 ഇ.ടി.എഫിന്റെ രണ്ടു പതിപ്പുകളിലായി 32,900 കോടി രൂപയും സി.പി.എസ്.ഇ - ഇ.ടി.എഫിന്റെ അഞ്ച് പതിപ്പുകളിലായി 38,000 കോടി രൂപയുമാണ് സർക്കാർ നേടിയത്. ഇരു ഇ.ടി.എഫുകളും ആഭ്യന്തര ഓഹരി വിപണികളിൽ ലിസ്‌റ്ര് ചെയ്‌തിട്ടുണ്ട്. ഇവയ്ക്ക് മികച്ച പ്രതികരണം ലഭിച്ച പശ്‌ചാത്തലത്തിലാണ് പുതിയ ഇ.ടി.എഫ് അവതരിപ്പിക്കാനുള്ള നീക്കം. നിക്ഷേപകന് 'റിസ്‌ക്" തീരെയില്ലാതെ, ഒറ്റത്തവണ നിക്ഷേപത്തിലൂടെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൈവശം വയ്‌ക്കാനുള്ള അവസരം ബാങ്കിംഗ് ഇ.ടി.എഫ് നൽകുമെന്ന് ധനമന്ത്രാലയ അധികൃതർ സൂചിപ്പിച്ചു. സർക്കാർ ഇ.ടി.എഫുകൾ വിദേശ ഓഹരി വിപണികളിലും അവതരിപ്പിക്കുന്നത് സംബന്ധിച്ച് ആഗോള നിക്ഷേപകരുമായി ധനമന്ത്രാലയം ചർച്ച നടത്തുന്നുണ്ട്.

19 പൊതുമേഖലാ ബാങ്കുകളാണ് ഇന്ത്യയിലുള്ളത്. ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി എന്നിവയാണ് സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള ഇൻഷ്വറൻസ് സ്ഥാപനങ്ങൾ. ഇവയെല്ലാം ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌തിട്ടുമുണ്ട്. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇ.ടി.എഫ് തത്‌കാലം കേന്ദ്രസർക്കാർ ഇനി അവതരിപ്പിക്കാനിടയില്ല. മിക്ക കമ്പനികളിലെയും സർക്കാർ ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറച്ച സാഹചര്യത്തിലാണിത്. ഭാരത് - 22 ഇ.ടി.എഫിൽ ആറു വിഭാഗങ്ങളിലെ 16 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് ഉണ്ടായിരുന്നത്. കൂടാതെ, മൂന്ന് പൊതുമേഖലാ ബാങ്കുകളുടെയും സർക്കാരിന് കുറഞ്ഞ നിക്ഷേപമുള്ള മൂന്ന് സ്വകാര്യ കമ്പനികളുടെയും ഓഹരികളും ഇതിൽ ഉൾപ്പെട്ടിരുന്നു.

സി.പി.എസ്.ഇ - ഇ.ടി.എഫിൽ 11 പൊതുമേഖലാ കമ്പനികളുടെ ഓഹരികളാണുള്ളത്. ഒ.എൻ.ജി.സി., കോൾ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, പവർ ഫിനാൻസ് കോർപ്പറേഷൻ, ആർ.ഇ.സി., ഭാരത് ഇലക്‌ട്രോണിക്‌സ്, ഓയിൽ ഇന്ത്യ, എൻ.ടി.പി.സി., എൻ.ബി.സി.സി (ഇന്ത്യ), എൻ.എൽ.സി ഇന്ത്യ, എസ്.ജെ.വി.എൻ ലിമിറ്റഡ് എന്നിവയാണവ.

₹90,000 കോടി

നടപ്പു സാമ്പത്തിക വർഷം പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‌പനയിലൂടെ കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം 90,000 കോടി രൂപയാണ്. 2018-19ൽ കേന്ദ്രസർക്കാർ 84,972 കോടി രൂപ സമാഹരിച്ചിരുന്നു.

മോദി സർക്കാർ വീണ്ടും വന്നു;

ഓഹരികൾ ഇനി എങ്ങോട്ട്?

 ജി.ഡി.പി കണക്കുകൾ നിർണായകമാകും

നരേന്ദ്ര മോദി സർക്കാർ വീണ്ടും വരുമെന്ന എക്‌സിറ്ര് പോൾ പ്രവചനങ്ങൾ, പ്രവചനം ശരിവച്ചുള്ള യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം എന്നിവ നൽകിയ ആവേശത്തിന്റെ കരുത്തിൽ കഴിഞ്ഞവാരം സെൻസെക്‌സ് 1,503 പോയിന്റും നിഫ്‌റ്റി 440 പോയിന്റിനടത്തുമാണ് മുന്നേറിയത്. സെൻസെക്‌സ് ഒരുവേള ആദ്യമായി 40,000 പോയിന്റും ഭേദിച്ചു. ഇപ്പോൾ സെൻസെക്‌സ് 39,434ലും നിഫ്‌റ്റി 11,844ലുമാണുള്ളത്. രണ്ടും റെക്കാഡ് ഉയരമാണ്.

അമേരിക്ക-ചൈന വ്യാപാരത്തർക്കം ശമിക്കുന്നതും ക്രൂഡോയിൽ വില നേരിയ തോതിൽ കുറഞ്ഞതും നിക്ഷേപകർക്ക് ആശ്വാസമാണ്. മോദി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണവും നിക്ഷേപകരെ സ്വാധീനിക്കും. അതേസമയം, ഈവാരം പുറത്തുവരുന്ന കഴിഞ്ഞവർഷത്തെയും ജനുവരി-മാർച്ച് പാദത്തിലെയും ജി.ഡി.പി കണക്ക് സംബന്ധിച്ച ആശങ്ക നിക്ഷേപകരെ അലട്ടും. വളർച്ച കുറയുമെന്ന വിലയിരുത്തലുകൾ ശക്തമാണ്. ധനക്കമ്മി, മുഖ്യവ്യവസായ മേഖലയുടെ വളർച്ച എന്നീ കണക്കുകളും ഈയാഴ്‌ച അറിയാം.

₹6.12 ലക്ഷം കോടി

കഴിഞ്ഞവാരം ഓഹരിക്കുതിപ്പിന്റെ പിൻബലത്തിൽ സെൻസെക്‌സിലെ നിക്ഷേപക മൂല്യത്തിലുണ്ടായ വർദ്ധന 6.12 ലക്ഷം കോടി രൂപയാണ്. 146.58 ലക്ഷം കോടി രൂപയിൽ നിന്ന് 152.71 ലക്ഷം കോടി രൂപയായാണ് മൂല്യം ഉയർന്നത്. സെൻസെക്‌സിലെ ഏറ്റവും വലിയ പത്തു കമ്പനികളിൽ ഏഴ് കമ്പനികൾ ചേർന്ന് 1.42 ലക്ഷം കോടി രൂപയുടെ നേട്ടവുമുണ്ടാക്കി. 45,069 കോടി രൂപയുടെ നേട്ടം കൊയ്‌ത റിലയൻസ് ഇൻഡസ്‌ട്രീസാണ് ഏറ്റവും മുന്നിൽ.