കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ നിറുത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് തിരുവനന്തപുരം വലിയവിള കുണ്ടമൺകടവ് വഞ്ചിയൂർമഠം സന്നിധാനം ആശുപത്രി ഉടമ ഡോ. പരമേശ്വരൻ പോറ്റിയുടെ (റിട്ട. ഗവ. ആശുപത്രി, തിരുവനന്തപുരം) ഭാര്യ ഡോ. സുഭദ്ര അന്തർജനം (63, റിട്ട. സൂപ്രണ്ട്, ഗവ. ആശുപത്രി, തിരുവനന്തപുരം) മരിച്ചു. ഡോ. പരമേശ്വരൻ പോറ്റി, ഡ്രൈവർ ശ്രീകാര്യം കല്ലമ്പള്ളി അഞ്ചു നിവാസിൽ വിഷ്ണു (22) എന്നിവർക്ക് പരുക്കേറ്റു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.
ഇന്നലെ പുലർച്ചെ 2.45നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് കോട്ടയം പേരൂരിൽ മരുമകന്റെ വീട്ടിലേയ്ക്ക് പോകുംവഴിയായിരുന്നു അപകടം. ലൈറ്റ് ഡിം ചെയ്യാതെ എതിരെ വന്ന വാഹനത്തിന്റെ പ്രകാശം ഡ്രൈവറുടെ കണ്ണിലടിച്ചതോടെ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിറുത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നെന്നാണ് കരുതുന്നത്. കാറിന്റെ മുൻവശത്തായിരുന്നു ഡോ.സുഭദ്ര. കാറിന്റെ ഇടത് വശം പൂർണമായും തകർന്നു. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരും ചേർന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. തുടർന്ന് ഇതുവഴി എത്തിയ വാഹനങ്ങളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുഭദ്ര മരിച്ചു.
നേരത്ത വീടിനോടു ചേർന്ന് ആയുർവേദ ആശുപത്രി നടത്തിയിരുന്ന ദമ്പതികൾ നിലവിൽ കരുനാഗപ്പള്ളിയിൽ അമൃത ആശുപത്രിയിലെ അദ്ധ്യാപകരാണ്. മകൾ: ഡോ. വി.പി. അപർണ (അദ്ധ്യാപിക, പങ്കജ കസ്തൂരി ആയുർവേദ ആശുപത്രി, കാട്ടാക്കട), മരുമകൻ: ഡോ. കിരൺ ശർമ (തിരുവനന്തപുരം ആയുർവേദ കോളേജ് അസി.പ്രൊഫസർ). സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തെ വസതിയിൽ.