remya-haridas

കൊല്ലം: തനിക്കെതിരെ മോശം പരാമർശമുണ്ടായപ്പോൾ വനിതാ കമ്മിഷനിൽ നിന്നും സർക്കാരിൽ നിന്നും നീതി ലഭിച്ചില്ലെന്ന് ആലത്തൂരിലെ നിയുക്ത എം.പി രമ്യാ ഹരിദാസ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമ്യ. നവോത്ഥാന മൂല്യം സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെട്ട സർക്കാർ നീതി കാട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. സാധാരണ സ്‌ത്രീകൾ വനിതാ കമ്മിഷനെ സമീപിക്കുമ്പോൾ രാഷ്‌ട്രീയത്തിന് അതീതമായി നീതി ലഭ്യമാക്കണം. വനിതകളെ പിന്തുണയ്ക്കാൻ വനിതകൾ തന്നെയാണ് വേണ്ടത്. നിയമത്തെ കുറിച്ച് അവബോധം ഇല്ലാത്ത സാധാരണ സ്‌ത്രീകളെ രാഷ്‌ട്രീയ സമ്മർദ്ദമില്ലാതെ സഹായിക്കണം.

വനിതകൾക്ക് വേണ്ടി സംസാരിക്കാൻ കഴിയുന്നവർ പാർലമെന്റിൽ കൂടുതൽ ഉണ്ടാകണം. ആലത്തൂരിൽ സ്‌ത്രീകളുടെ പിന്തുണ വൻതോതിൽ ലഭിച്ചു. തന്റെ പാട്ടിനെ തിരഞ്ഞെടുപ്പിനിടെ പലരും വിമർശിച്ചു. പക്ഷേ, എല്ലാ രാഷ്‌ട്രീയപാർട്ടികളും പാട്ടിന്റെ സഹായത്തോടെയാണ് പ്രചാരണം നടത്തിയത്. അതിനിടയിൽ പാട്ട് പാടിയ സ്ഥാനാർത്ഥി താൻ മാത്രമായിരുന്നു. പാട്ടിലൂടെയും നാടക ഗാനങ്ങളിലൂടെയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വളർന്നത്. ഇതിനെ കുറിച്ചുള്ള അറിവില്ലായ്മയാകാം വിമർശനങ്ങൾക്ക് പിന്നിലെന്നും രമ്യ പറഞ്ഞു.

 ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം

അയ്യപ്പനെ കാണാൻ ആഗ്രഹിക്കുന്ന തികഞ്ഞ വിശ്വാസിയാണെങ്കിലും ശബരിമലയിലെ ആചാരങ്ങൾ മുറുകെ പിടിക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. തനിക്ക് എപ്പോഴാണോ അവിടെ പ്രവേശിക്കാൻ കഴിയുന്നത് അപ്പോൾ മാത്രമേ അവിടെ പോവുകയുള്ളൂവെന്നും രമ്യ പറഞ്ഞു.