crime
കൊല്ലപ്പെട്ട വിനി(42)

നെട്ടൂർ: കുടുംബകലഹത്തെ തുടർന്ന് നെട്ടൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.നെട്ടൂർ കുരിശിന്റെ ദേവാല

യത്തിന് സമീപം രാമച്ചംകുഴിയിൽ വിനി (42) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഭർത്താവ് ആന്റണി (48) പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.മരപ്പണിക്കാരനായ ആന്റണി പതിവായി കലൂരിലെ സ്വകാര്യകമ്പനി ജീവനക്കാരിയായ ഭാര്യ വിനിയുമായി വഴക്കുണ്ടാക്കുമായിരുന്നു. ശനിയാഴ്ച രാത്രിയും ആന്റണിയും വിനിയും തമ്മിൽ വാക്കുതർക്കമുണ്ടായി. രണ്ടു മക്കളും ആന്റണിയുടെ അമ്മയും ആന്റണിയുടെ സഹോദരിയുടെ വീട്ടിലായിരുന്നതിനാൽ ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കലഹം മൂത്തപ്പോൾ ആന്റണി കൊട്ടുവടിയെടുത്ത് വിനിയുടെ തലയ്ക്കടിച്ചു. പണിതുവച്ചിരുന്ന ജനലിന്റെ ഫ്രെയിം എടുത്ത് തലയിൽ ശക്തിയായി പ്രഹരിച്ചു. വിനി മരിച്ചെന്നുറപ്പായപ്പോൾ ആന്റണി നേരെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി.

'ഞാനാണ് കൊന്നത്. എനിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല'- ആന്റണി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തുമ്പോഴാണ് പരിസരവാസികൾ വിവരം അറിയുന്നത്. അപ്പോഴേക്കും തലയിൽ നിന്ന് രക്തംവാർന്നൊഴുകി വിനി മരിച്ച നിലയിലായിരുന്നു.

തലയുടെ പിന്നിൽ ഏറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്ന് പനങ്ങാട് പൊലീസ് പറഞ്ഞു. സമീപത്തെ മുറിയിലും രക്തം തളംകെട്ടിക്കിടന്നിരുന്നു.

റിട്ട. കൊച്ചിൻപോർട്ട് ജീവനക്കാരൻ കോന്തുരുത്തി സ്വദേശി കെ.വി. ജോണിന്റെയും മേരിയുടെയും മകളാണ് വിനി. വിനിയെ കൊല്ലുന്നതിന് രണ്ടുമണിക്കൂർ മുമ്പ് ആന്റണി ഫോണിൽ വിളിച്ച് ഭാര്യാപിതാവിനെയും ഭീഷണിപ്പെടുത്തിയിരുന്നു.' ഞാൻ ശരിയാക്കിത്തരാം' എന്നാണ് പറഞ്ഞത്. പരിസരവാസികളിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ആന്റണിക്ക് മദ്യപിക്കുന്ന ശീലമില്ലായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് പൊലീസ് അന്വേഷണം തുടങ്ങി.

വിദ്യാർത്ഥികളായ അനിൽ (14), അലൻ (8) എന്നിവർ മക്കളാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കോന്തുരുത്തി പള്ളിയിൽ സംസ്‌കരിച്ചു.