trump-imran

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലെയും ജനക്ഷേമം മുൻനിറുത്തി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇമ്രാൻ പറഞ്ഞു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ സമാധാനം നിലനിറുത്താൻ ആവശ്യമായ എല്ലാ പിന്തുണയും ഇമ്രാൻ വാഗ്ദാനം ചെയ്തതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇമ്രാന് നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്തു. മേഖലയിലെ സമാധാനത്തിനും വികസനത്തിനുമാണ് തന്റെ മുഖ്യ പരിഗണനയെന്നു മോദി ട്വീറ്റിൽ കുറിച്ചു. മോദി മികച്ച നേതാവാണെന്നും അദ്ദേഹത്തെ പ്രധാനമന്ത്രിയായി ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്നും ട്രംപ് കഴിഞ്ഞദിവസം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മോദി തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് നേടിയത്. അദ്ദേഹം തന്റെ നല്ല സുഹൃത്താണ്. ഇന്ത്യയുമായി നല്ല ബന്ധമാണ് യു.എസിനുള്ളതെന്നും മോദിയോട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചെന്നും ട്രംപ് പറഞ്ഞു.