dswds

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ടെലിഫോൺ വഴിയാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി മോദിക്ക് ആശംസകൾ പകർന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇമ്രാൻ ഖാന്റെ ആശംസകൾക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

'വിശ്വാസത്തിന്റേയും അഹിംസയുടേയും വഴിയിലൂടെ സമാധാനം കൊണ്ടുവരാനായി ഇരു രാജ്യങ്ങളും പ്രവർ‌ത്തിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തീവ്രവാദത്തെ ഇല്ലാതാക്കുന്നതിലൂടെ സമാധാനം, അഭിവൃദ്ധി, നന്മ, എന്നിവയെ രണ്ട് രാജ്യങ്ങൾക്കുമിടയിൽ തിരികെ കൊണ്ട് വരുന്നതിനെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ദാരിദ്ര്യ നിർമ്മാർജനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.' പത്രക്കുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തിര‌‌‌ഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമായ മെയ് 23ന്, ആശംസകളുമായി ട്വിറ്റർ വഴിയും ഇമ്രാൻ ഖാൻ പ്രതികരിച്ചിരുന്നു. ബി.ജെ.പിയുടേയും സഖ്യകക്ഷികളുടേയും ഉജ്ജ്വല വിജയത്തെ അഭിനന്ദിക്കുന്നുവെന്നും സമാധാനത്തിനും അഭിവൃദ്ധിക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇമ്രാൻ ഖാൻ അന്ന് പറഞ്ഞിരുന്നു. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തിൽ വൻ ഉലച്ചിൽ സംഭവിച്ചിരുന്നു.