ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി വ്യാഴാഴ്ച വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ നിരവധി ലോകനേതാക്കളെ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. സത്യപ്രതിജ്ഞാ ചടങ്ങ് 2014ലേതിനെക്കാൾ ഗംഭീരമായാണ് നടക്കുകയെന്നാമ് റിപ്പോർട്ടുകൾ.
ലോകനേതാക്കൾ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ തിരക്കുകൂട്ടേണ്ടതില്ല എന്ന നിലപാടാണ് മോദി സ്വീകരിച്ചത്.
അതേസമയം ലോക്സഭാതിരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ അമിത്ഷായും ഇന്ന് ഗുജറാത്തിൽ എത്തും. വൈകിട്ട് അഹമ്മദാബാദിലെത്തുന്ന ഇരുവർക്കും ബി.ജെ.പി സംസ്ഥാന നേതൃത്വം സ്വീകരണമൊരുക്കും. ഗാന്ധിനഗറിൽ പ്രവർത്തകരുമായി സംവദിച്ച ശേഷം മോദി, അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. സത്യപ്രതിജ്ഞയ്ക്കുമുൻപായി അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം, മോദി നാളെ സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് പോകും.തുടർന്ന് കാശിയിൽ ക്ഷേത്രദർശനംനടത്തിയ ശേഷമാകും ഡൽഹിയിലേക്കുള്ള മടക്കം.
അതേസമയം നരേന്ദ്രമോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലേയും ജനക്ഷേമം മുൻനിറുത്തി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇമ്രാൻഖാൻ പറഞ്ഞു.