കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) സംസ്ഥാനത്തെ മികച്ച ചെറുകിട-ഇടത്തരം സംരംഭകർക്കായി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഉത്‌പാദന മേഖലയിലെ മികച്ച യൂണിറ്ര് എറണാകുളം ആസ്ഥാനമായുള്ള സി.എം.എൽ ബയോടെക് ആണ്. സർജറിക്ക് ആവശ്യമായ ഉപകരണങ്ങളും ഉത്‌പന്നങ്ങളും നിർമ്മിക്കുന്ന സ്ഥാപനമാണിത്. എലൈറ്ര് ഫുഡ് എറണാകുളം, ക്ളാസിക് കയർ ഫാക്‌ടറി ആലപ്പുഴ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാപനങ്ങൾ നേടി.
ആലപ്പുഴയിലെ ബി.കെ. ഫുഡ് പ്രോഡക്‌ട്സ് ആണ് മികച്ച വനിതാ സംരംഭം. ട്രാൻസ് സൈറ്ര് സിസ്‌റ്റംസ് സേവന മേഖളയിലെ മികച്ച സംരംഭമായി തിരഞ്ഞെടുക്കപ്പെട്ടു. സുമിക്‌സ് കിഡ്‌സ് വെയർ, ഐബൽ അപ്പാരൽ, ശാസ്‌ത റോബോട്ടിക്‌സ്, മിട്ടേറാ ഹോസ്‌പിറ്റൽ, ഇൻടോട്ട് ടെക്‌നോളജി, സറ്റ്‌ക്രിയാ ഹെൽത്ത് കെയർ എന്നിങ്ങനെ വിവിധ മേഖലകളിലെ സ്ഥാപനങ്ങൾക്കായി 36 അവാർഡുകളാണ് പ്രഖ്യാപിച്ചത്. 29ന് തിരുവനന്തപുരത്ത് നടക്കുന്ന കെ.എഫ്.സി കോൺക്ളേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. കെ.എഫ്.സി ഗോൾഡ് കാർഡുകളുടെ വിതരണം ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് നിർവഹിക്കും. 60ഓളം സംരംഭകരാണ് ഗോൾഡ് കാർഡിന് അർഹരായത്.