smriti-irani-

അമേത്തി : അമേത്തിയിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ സുരേന്ദ്രസിംഗിന്റെ ശവമഞ്ചം ചുമന്ന് സ്മൃതി ഇറാനി. അമേത്തിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്മൃതി ഇറാനിക്കൊപ്പം സജീവമായി പ്രവർത്തിച്ച സുരേന്ദ്രസിംഗ് ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയാണ് ഒരു സംഘം സുരേന്ദ്ര സിംഗിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പ് മുതൽ സ്മൃതിയുടെ സഹായിയായി മണ്ഡലത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു സുരേന്ദ്രസിംഗ്.

അമേത്തി ബറൗലിയിലെ മുൻ ഗ്രാമമുഖ്യൻ കൂടിയാണ് സുരേന്ദ്ര സിംഗ്. ഇദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്ന് സ്മൃതി ഇറാനി നടന്ന് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംസ്‌കാരചടങ്ങുകൾക്ക് ശേഷം മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകവേയാണ് സ്മൃതിയും ശവമഞ്ചം ചുമക്കാൻ എത്തിയത്.

അതേസമയും സുരേന്ദ്ര സിംഗിന്റെ കൊലപാതകക്കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നു.എന്നാൽ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. അമേത്തിയിൽ രാഹുൽ ഗാന്ധിയെ വീഴ്ത്തുന്നതിനുളള പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് ഇദ്ദേഹമാണ്. രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. വെടിയേറ്റ് വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.