ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് പാകപ്പിഴ ഉണ്ടായെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹിന്ദു വിശ്വാസികളിൽ ചെറിയ വിഭാഗത്തിനുണ്ടായ അതൃപ്തിയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പാതിരപ്പള്ളി ചെട്ടികാട് 581-ാം നമ്പർ ശാഖാ ഓഫീസ് മന്ദിരവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. മന്ത്രി ജി. സുധാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ എന്നിവരുടെ കൗശലവും തന്ത്രവുമാണ് ആലപ്പുഴയിലെ വിജയത്തിനു പിന്നിൽ. എസ്.എൻ.ഡി.പി യോഗത്തിന്റെ തീരുമാനവും രഹസ്യമായ നിർദ്ദേശ പ്രകാരമുള്ള പ്രവർത്തനവും ആരിഫിന്റെ വിജയത്തിന് വഴിതെളിച്ചു. കേരളത്തിൽ യു.ഡി.എഫിന്റെ വിജയത്തിനു കാരണം ന്യൂനപക്ഷ കൂട്ടായ്മയാണ്. ഉത്തരേന്ത്യ കോൺഗ്രസിനെ പൂർണമായി കൈവിട്ടതാണ് അമേത്തിയിൽ രാഹുൽ പരാജയപ്പെടാൻ കാരണം. രാഹുൽഗാന്ധിക്ക് വിജയിക്കാൻ മലയാളക്കര വേണ്ടിവന്നു. വികസന പ്രവർത്തനങ്ങളുടെ വേലിയേറ്റമാണ് ബി.ജെ.പിക്ക് വടക്കേ ഇന്ത്യയിൽ മികച്ച വിജയം നൽകിയത്.

എല്ലാ മുന്നണികളെയും തിരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തി. കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ ബി.ജെ.പിക്ക് ഒരാളെ പോലും കേരളത്തിൽ ജയിപ്പിക്കാൻ കഴിഞ്ഞില്ല. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ മുന്നണികളല്ല ജനമാണ് തോറ്റതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സിവിൽ സർവീസ് റാങ്ക് ജേതാവ് നിർമ്മൽ ഔസേപ്പച്ചന് ഉപഹാരം നൽകി വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. ശാഖാ ആക്ടിംഗ് പ്രസിഡന്റ് പി.വി. സോമൻ അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോ അനാച്ഛാദനവും ധനസഹായ പദ്ധതി പ്രഖ്യാപനവും മന്ത്രി തോമസ് ഐസക്കും ആദരിക്കൽ മന്ത്രി പി. തിലോത്തമനും നിർവഹിച്ചു. വെള്ളിയാകുളം പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തകരെ ആദരിക്കൽ കർമ്മം നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ്, സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ എന്നിവർ നിർവഹിച്ചു.