gulf-news

ദുബായ്: ഈദുൽഫിത്തറിന് യു.എ.ഇയിൽ ഏഴുദിവസത്തെ അവധി പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്കാണ് ഏഴുദിവസത്തെ അവധി ലഭിക്കുക. ജൂൺ രണ്ടിന് അവധി തുടങ്ങും.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം അനുസരിച്ച് യു.എ.ഇ മന്ത്രിസഭയാണ് പൊതുമേഖലയുടെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം സർക്കാർ ഓഫീസുകൾ ജൂൺ 9നായിരിക്കും തുറന്നുപ്രവർത്തിക്കുന്നത്. മേയ് 31 വെള്ളി, ജൂൺ ഒന്ന് ശനി എന്നീ ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാൽ പൊതുമേഖലയ്ക്ക് തുടർച്ചയായി ഒൻപത് ദിവസം അവധികിട്ടും.

എന്നാൽ സ്വകാര്യമേഖലയുടെ അവധി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ദിവസങ്ങൾ ഏകീകരിച്ചുകൊണ്ട് യു.എ.ഇ ഭരണ കൂടം നേരത്തെ ഉത്തരവിറക്കിയിരുന്നു. അതിനാൽ ഈദുല്‍ ഫിത്തറിന് സ്വകാര്യ മേഖലയ്ക്കും ഏഴു ദിവസത്തെ അവധി കിട്ടുമെന്നാണ് കരുതപ്പെടുന്നത്. ജൂൺ അഞ്ചിനാണ് ഈദുൽ ഫിത്വർ പ്രതീക്ഷിക്കുന്നത്.