ഹരിദ്വാർ: രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് പുതിയ മാർഗനിർദ്ദേശവുമായി യോഗഗുരു ബാബ രാംദേവ്. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിച്ച് രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്നാണ് രാംദേവ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
അടുത്ത അമ്പത് വർഷത്തിനുള്ളിൽ രാജ്യത്തെ ജനസംഖ്യ 150 കോടിയിൽ കൂടാൻ പാടില്ല. അത് നേരിടാനുള്ള കരുത്തോ മുൻകരുതലോ രാജ്യത്തിനില്ല. മൂന്നാമത്തെ കുട്ടിക്ക് രാജ്യത്ത് വോട്ടവകാശമോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരമോ സർക്കാർ ആനുകൂല്യങ്ങളോ നൽകാൻ പാടില്ലാത്തതരത്തിൽ സർക്കാർ നിയമം കൊണ്ടുവരണമെന്ന് രാംദേവ് പറഞ്ഞു.
ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ ജനങ്ങൾ മൂന്നാമതൊരു കുട്ടിക്ക് കൂടി ജൻമം നൽകാൻ മടിക്കും. അവിടെ മതമൊന്നും ഒരുതരത്തിലും പ്രശ്‌നമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്ത് സമ്പൂർണ മധ്യനിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ ഗോ വധം നിരോധിക്കണം. എങ്കിൽ മാത്രമേ കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.