tata

വാണിജ്യ വാഹനമാണെങ്കിലും ഒരു കാറിന്റെ അതേ സൗകര്യങ്ങളും യാത്രാസുഖവും ലഭിക്കണമെന്ന നിർബന്ധമുള്ളവരാണ് ഇന്നത്തെ ഉപഭോക്താക്കൾ. വണ്ടിക്ക് എസ്.യു.വി പോലെ കരുത്തു വേണം. അകത്തളത്തിൽ എ.സി വേണം എന്നിങ്ങനെ ഡിമാൻഡുകൾ ധാരാളം. ഉപഭോക്താക്കളുമായി സംവദിച്ചും ആവശ്യങ്ങൾ തിരിച്ചറിഞ്ഞും ടാറ്റാ മോട്ടോഴ്‌സ് ഒരുക്കിയ പുത്തൻ വാണിജ്യ വാഹനമാണ് ഇൻട്ര. 'ചെറു വാണിജ്യ വാഹനം" (എസ്.സി.വി) എന്ന ടാറ്റ തന്നെ സൃഷ്‌ടിച്ച ശ്രേണിയിലേക്കാണ് ഈ കോംപാക്‌റ്ര് ട്രക്ക് എത്തുന്നത്.

വി10, വി20 എന്നീ വേരിയന്റുകൾ ഇൻട്രയ്ക്കുണ്ട്. 5.35 ലക്ഷം രൂപ മുതലാണ് വില. ബി.എസ്-6 എമിഷൻ ചട്ടങ്ങൾ അനശാസിക്കുന്ന എൻജിനുകളാണ് ഇരു പതിപ്പുകളിലുമുള്ളത്. 40 എച്ച്.പി കരുത്തുള്ളതാണ് വി10ലെ 800 സി.സി ഡി.ഐ എൻജിൻ. 70 എച്ച്.പി കരുത്തുള്ള 1,400 സി.സി ഡി.ഐ എൻജിനാണ് വി20ലുള്ളത്. ഡീസലാണ് ഇന്ധനം. സ്‌റ്റാൻഡേർഡ് പവർ സ്‌റ്റിയറിംഗാണുള്ളത്. 4.75 മീറ്റർ ടേണിംഗ് റേഡിയസ് ഇടുങ്ങിയ റോഡുകളിൽ പോലും ട്രക്കിനുമേൽ മികച്ച നിയന്ത്രണം നേടാൻ സഹായകമാണ്. 5-സ്‌പീഡ് ഗിയർബോക്‌സാണ് ഇൻട്രയ്ക്ക് ടാറ്റ നൽകിയിരിക്കുന്നത്. 2,512 എം.എം x 1,602 എം.എം ആണ് ഇൻട്രയുടെ ലോഡ് ബോഡി ലെംഗ്‌ത്ത്.

കാറുകൾക്ക് സമാനമാണ് ഇൻട്രയുടെ അകത്തളം. ഡ്രൈവറെ കൂടാതെ രണ്ടുപേർക്ക് യാത്ര ചെയ്യാം. പ്രീമീയം വേരിയന്റിൽ എ.സി., മ്യൂസിക് പ്ളെയർ എന്നിവ കാണാം. ഡാഷ് ബോർഡിലാണ് ഗിയർ ലിവറിന്റെ സ്ഥാനം. ഇത് ഡ്രൈവിംഗ് കൂടുതൽ സുഖകരമാക്കും. മൊബൈൽ ചാർജിംഗ് പോയിന്റ്, ഇലക്‌ട്രോണിക് ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, ലോക്ക് ചെയ്യാവുന്ന ഗ്ളൗ ബോക്‌സ്, ഡാഷ് ബോർഡിലും ഡോറിന്റെ ഉൾവശത്തും ചെറിയ സ്‌റ്റോറേജുകൾ, നിലവാരമേറിയ സീറ്റുകൾ, ഹെഡ്‌റെസ്‌റ്ര് എന്നിവയും മികവുകളാണ്. വലിയ വിൻഡ്‌സ്‌ക്രീൻ വാഹനത്തിന്റെ ഉള്ളിൽ നിന്ന് വിശാലമായ കാഴ്‌ചയും പ്രദാനം ചെയ്യും.

കാറുകളോട് സാദൃശ്യമുള്ള മുഖഭാവമാണ് രാജ്യത്തെ ആദ്യ കോംപാക്‌റ്ര് ട്രക്ക് എന്ന വിശേഷണമുള്ള ഇൻട്രയ്ക്കുള്ളത്. വാഹനത്തിന്റെ കരുത്തുറ്റ ആക്‌സിലുകളും ലിഫ് സ്‌പ്രിംഗ്‌സും മികച്ച പെർഫോമൻസിന് അനുയോജ്യമാണ്. മെയിന്റനൻസ് ചെലവ് നിയന്ത്രിച്ച് നിറുത്താനും ഇതു സഹായിക്കുന്നു. 1,100 കിലോഗ്രാമാണ് ഇൻട്രയുടെ പേലോഡ് ശേഷി. നീണ്ട ഗ്രില്ലിന്റെ ഇരുവശത്തുമായി സ്ഥാനം പിടിച്ച വലിയ ഹെഡ്‌ലാമ്പുകളാണ് മുൻഭാഗത്തെ മുഖ്യ ആകർഷണം. അതിനോട് ചേ‌ർന്ന് മുകളിലായാണ് ഇൻഡിക്കേറ്ററുകളുള്ളത്. ഗ്രില്ലിന്റെ മദ്ധ്യത്തായി ടാറ്റയുടെ വലിയ എംബ്ളം. അതിനും മുകളിൽ ഇൻട്ര എംബ്ളവും കാണാം. വിൻഡ്സ്ക്രീനിൽ ഇരട്ട വൈപ്പറുകളുണ്ട്.

രണ്ടുവർഷം അല്ലെങ്കിൽ 72,000 കിലോമീറ്റർ വാറന്റി ഓഫറുമായാണ് ഇൻട്ര ഉപഭോക്താക്കളിലേക്ക് എത്തുന്നത്. എസ്.സി.വി ശ്രേണിക്ക് തുടക്കമിട്ട ടാറ്റ എയ്സ് പ്രതിമാസം 2,500 യൂണിറ്റുകളുടെ വില്‌പനയാണ് സ്വന്തമാക്കിയിരുന്നത്. ഇൻട്രയിലൂടെ എയ്‌സിന്റെ വില്‌പന നേട്ടം മറികടന്നുള്ള പ്രകടനം കാഴ്‌ചവയ്ക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.