fhgjhfg

ഷാറൂഖ് ഖാന്റെ മുംബയിലെ ബാന്ദ്രയിലുളള പടുകൂറ്റൻ ബംഗ്ളാവായ 'മന്നത്ത്' ഒരിക്കൽ താൻ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. 'മന്നത്ത്' ഒരിക്കൽ താൻ വാങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്നും തന്റെ അച്ഛന്റെ വാക്ക് കേട്ടാണ് പിന്നീട് ആ ആഗ്രഹം ഉപേക്ഷിച്ചതെന്നുമായിരുന്നു സൽമാന്റെ വെളിപ്പെടുത്തൽ. ഷാറൂഖ് ഖാന്റെ മഹാസൗധത്തിന്റെ ഇപ്പോഴത്തെ വില 200 കോടി രൂപയാണ്. ഒരു എന്റർടെയിൻമെന്റ് വെബ്സൈറ്റുമായുളള അഭിമുഖത്തിലാണ് 'സല്ലുഭായ്' ഇക്കാര്യം പറയുന്നത്.

'ഇത്രയും വലിയ ബംഗ്ളാവിൽ നീ എന്താണ് ചെയ്യുക' എന്നുളള തന്റെ അച്ഛന്റെ ചോദ്യത്തെ തുടർന്നാണ് സൽമാൻ ആ ഉദ്ധ്യമത്തിൽ നിന്നും പിൻമാറുന്നത്. താൻ ഇതേ ചോദ്യം ഷാറൂഖിനോടും ചോദിച്ചിരുന്നതായും സൽമാൻ ഖാൻ പറ‌ഞ്ഞിരുന്നു. ഇതിനെ തുടർന്ന്, താൻ ഡൽഹിക്കാരനാണെന്നും ഡൽഹിക്കാരെല്ലാം ബംഗ്ളാവിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും ഷാറൂഖ് ഒരു അഭിമുഖത്തിൽ മറുപടിയും നൽകിയിരുന്നു. എന്നാൽ സൽമാൻ ഖാന്റെ ഇപ്പോഴത്തെ ഈ വെളിപ്പെടുത്തലിന് ഷാറൂഖ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

'ഭാരത്' ആണ് സൽമാൻ ഖാന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം. എന്നാൽ ഷാറൂഖ് ഖാന്റെ പുതിയ പ്രൊജക്റ്റിനെ കുറിച്ചുളള വാർത്തകൾ പുറത്തുവരാൻ ഇരിക്കുന്നതേയുളളൂ.