കൊല്ലം:ഒരു രാത്രികൂടിക്കഴിഞ്ഞാൽ പ്രിയപ്പെട്ട മകൾ ജീവിത പങ്കാളിയുടെ കരം പിടിച്ച് മറ്റൊരു വീട്ടിലേക്ക് പോകും.അതിന്റെ വിങ്ങലിൽ വിവാഹ സത്കാര ചടങ്ങിൽ ആച്ഛൻ പാടി " രാക്കിളി പൊൻമകളേ...നിൻ പൂവിളി യാത്രാമൊഴിയാണോ.....
പക്ഷേ, മുഴുവിക്കും മുൻപ് അച്ഛനെ മരണം കവർന്നെടുത്തു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിഷ്ണു പ്രസാദാണ് (55) ഇളയ മകൾ ആർച്ചാപ്രസാദിന്റെ വിവാഹത്തലേന്ന് ഹൃദയാഘാതത്താൽ കുഴഞ്ഞ് വീണ് മരിച്ചത്. സ്വന്തം വീടായ നീണ്ടകര പുത്തുൻതുറ, ചാമ്പോളിൽ തെക്കതിൽ വീട്ടിലായിരുന്നു വിവാഹ സത്കാര ചടങ്ങ്.വീട്ടിൽ ഗാനമേളയും ഒരുക്കിയിരുന്നു.രാത്രി ഒൻപത് മണിയോടെ സുഹൃത്തുക്കൾ പറഞ്ഞു.മകൾക്കായി ഒരു പാട്ടുപാടുക.വിഷ്ണുപ്രസാദ് നിറകണ്ണുകളോടെ പാടിത്തുടങ്ങി 'വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു.......യാത്രാമൊഴിയാണോ എന്ന് ഭാഗം പാടുമ്പോഴേക്കും വിഷ്ണുപ്രസാദ് കുഴഞ്ഞുവീണു. പെട്ടെന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതിനാൽ മരണവിവരം മക്കളെയും ഭാര്യയെയും അറിയിച്ചില്ല. അത്യാസന്ന നിലയിൽ ചികിത്സയിലാണെന്നേ പറഞ്ഞുള്ളു. നിശ്ചയിച്ച പ്രകാരം നീണ്ടകര പരിമണം ക്ഷേത്രം ആഡിറ്റോറിയത്തിൽ ആർച്ച വിവാഹിതയായി.കതിർ മണ്ഡപത്തിൽ നിന്നിറങ്ങുമ്പോഴും ആർച്ച അച്ഛന്റെ വിവരം തിരക്കി. സുഖം പ്രാപിച്ച് വരുന്നുവെന്ന ബന്ധുക്കളുടെ മറുപടി കേട്ടാണ് അവൾ ഭർതൃഗൃഹത്തിലേക്ക് യാത്രയയത്. കുടുംബാംഗങ്ങളെ ഇന്ന് രാവിലെ മരണവിവരം അറിയിക്കും. സുഷമയാണ് ഭാര്യ. മൂത്ത മകൻ അനുപ്രസാദ്. ആര്യപ്രസാദ് രണ്ടാമത്തെ മകളാണ്. മരുമകൻ ഷാബു. ഇന്നലെ വിവാഹിതയായ ആർച്ച പ്രസാദിന്റെ വരന്റെ പേരും വിഷ്ണു പ്രസാദ് എന്നാണ്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കൊല്ലം എ.ആർ. ക്യാമ്പിൽ പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഗാനമേളയ്ക്കിടെ വിഷ്ണുപ്രസാദ് കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ ഇന്നലെ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.