baba

ഹരിദ്വാർ: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിക്കണമെന്ന നിർദേശവുമായി യോഗാ ഗുരു ബാബാ രാംദേവ്. അടുത്ത 50 വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ജനസംഖ്യ 150 കോടിയിൽ കവിയാൻ പാടില്ല. അത് നേരിടാനുള്ള കരുത്ത് രാജ്യത്തിനില്ല. അതുകൊണ്ട് തന്നെ ജനസംഖ്യ നിയന്ത്രിക്കുകയാണ് വേണ്ടത്. മൂന്നാമത്തെ കുട്ടിക്ക് രാജ്യത്ത് വോട്ടവകാശം നൽകാൻ പാടില്ല. കൂടാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ സർക്കാർ നൽകുന്ന യാതൊരു വിധ ആനുകൂല്യങ്ങളോ പ്രത്യേക അവകാശങ്ങളോ അനുവദിക്കാനും പാടില്ല. അത്തരമൊരു നിയമം സർക്കാർ കൊണ്ടുവരണം. അപ്പോൾ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകാൻ ആളുകൾ തയാറാകില്ല."- രാം ദേവ് പറഞ്ഞു.

രാജ്യത്ത് സമ്പൂർണ മദ്യനിരോധനം കൊണ്ടുവരണമെന്നും രാജ്യത്തെ ഗോവധം നിരോധിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. ഗോവധം നിരോധിച്ചെങ്കിൽ മാത്രമേ കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിൽ നടക്കുന്ന സംഘർഷങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുകയുള്ളൂ. ഇനി ഇറച്ചി കഴിക്കണമെന്ന് നിർബന്ധമുള്ളവര്‍ക്ക് മറ്റുള്ള മൃഗങ്ങളുടെ ഇറച്ചികൾ ഉപയോഗിക്കാം - അദ്ദേഹം പറഞ്ഞു.