രണ്ട് വിമത കോൺ. എം.എൽ.എമാർ ബി.ജെ.പി നേതാക്കളെ കണ്ടു
മോദിയുടെ സത്യപ്രതിജ്ഞ വരെ കാത്തിരിക്കാൻ യെദ്യൂരപ്പ
ബംഗളൂരു: കർണാടകത്തിൽ നിലനിൽപ്പ് പരുങ്ങലിലായ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യസർക്കാരിനെ വീഴ്‌ത്താൻ ധൃതി വേണ്ടെന്ന മുൻനിലപാട് മാറ്റി, ഭരണം പിടിക്കാൻ 'ഓപ്പറേഷൻ താമര' നീക്കം വേഗത്തിലാക്കി ബി.ജെ.പി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗസിനു സംഭവിച്ച കനത്ത പരാജയത്തെ തുടർന്ന് പാർട്ടിയിൽ ശക്തമായ വിമതനീക്കം മുതലെടുത്ത് കുമാരസ്വാമി സർക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള നീക്കം.
ഇതിന് ആക്കംകൂട്ടി, കോൺഗ്രസിലെ രണ്ട് വിമത എം.എൽ.എമാർ ഇന്നലെ സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. കോൺഗ്രസിലെ വിമത പക്ഷത്തിന് നേതൃത്വം നൽകുന്നവരിൽ പ്രധാനിയായ രമേഷ് ജാർക്കിഹോളി, ഡോ. സുധാകർ എന്നിവരാണ് മുതിർന്ന ബി.ജെ.പി നേതാവ് എസ്.എം കൃഷ്‌ണയെ അദ്ദേഹത്തിന്റെ ബംഗളൂരുവിലെ വീട്ടിലെത്തി കണ്ടത്. ഈ സമയം കൃഷ്‌ണയുടെ വസതിയിൽ യെദ്യൂരപ്പയും ഉണ്ടായിരുന്നതായാണ് വിവരം. ബി.ജെ.പി എം.എൽ.എ ആർ. അശോകയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്‌ച.
അതിനിടെ, മാണ്ഡ്യ മണ്ഡലത്തിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയ നടി സുമലത ഇന്നലെ യെദ്യൂരപ്പയെ സന്ദർശിച്ചതും അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കി. കോൺഗ്രസ് എം.പി ആയിരുന്ന അന്തരിച്ച അംബരീഷിന്റെ ഭാര്യയായ സുമലത, മാണ്ഡ്യയിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു.
കർണാടകത്തിൽ, ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളിൽ 25-ലും വിജയിച്ചാണ് സംസ്ഥാനത്ത് ബി.ജെ.പി ആധിപത്യം തെളിയിച്ചത്. ഭരണകക്ഷികളായ കോൺഗ്രസിനും ജെ.ഡി.എസിനും കിട്ടിയത് ഓരോ സീറ്റ് മാത്രം. 225 സംസ്ഥാന നിയമസഭയിൽ കോൺഗ്രസിനും ജെ.ഡി.എസിനും കൂടി 117 എം.എൽ.എമാരേയുള്ളൂ. ബി.ജെ.പിക്ക് 107 സീറ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതോടെ കോൺഗ്രസിൽ നിന്ന് 20 എം.എൽ.എമാർ ബി.ജെ.പിയിലെത്തുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ നേരത്തേ മുതൽ ആവർത്തിക്കുന്നതാണ്. ഈ നീക്കം പ്രതിരോധിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം നടത്തിയ ശ്രമങ്ങൾ വിഫലമായെന്നു വേണം കരുതാൻ.
ഭരണസഖ്യത്തിനുള്ളിൽ നേരത്തേ തന്നെ രൂക്ഷമായിരുന്ന പടലപ്പിണക്കം ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തോടെ സംസ്ഥാന സർക്കാരിന്റെ സ്വാഭാവിക പതനത്തിനു വഴിയൊരുക്കുന്ന തരത്തിലേക്കു മാറുകയാണ്. പാർട്ടിയുടെ പരാജയത്തെ തുടർന്ന് കോൺഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷനായിരുന്ന എച്ച്.കെ. പാട്ടീൽ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനമൊഴിയാൻ എ.എച്ച്. വിശ്വനാഥ് നേതൃത്വത്തെ സന്നദ്ധത അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
യെദ്യൂരപ്പയുടെ ഉന്നം
മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയുടെ ലക്ഷ്യം നാലാമൂഴം
കഴിഞ്ഞ വർഷം മേയിൽ മുഖ്യമന്ത്രിപദമേറ്റെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകാതെ രണ്ടു ദിവസം കഴിഞ്ഞ് രാജിവയ്‌ക്കേണ്ടിവന്നു.
മോദി സർക്കാർ വീണ്ടും അധികാരമേൽക്കുന്നതിനിടെ, ഒരു സംസ്ഥാന സർക്കാരിനെ മറിച്ചിട്ടുവെന്ന പേരുദോഷം ഒഴിവാക്കാൻ തത്‌കാലം ബി.ജെ.പി നീക്കങ്ങൾ രഹസ്യം
വ്യാഴാഴ്‌ച മോദി സർക്കാർ അധികാരമേൽക്കുന്നതിനു പിന്നാലെ, വിമത കോൺഗ്രസ് എം.എൽ.എമാർ രാജിവയ്‌ക്കുകയും, സർക്കാർ നിലംപതിക്കുകയും ചെയ്യുന്നതോടെ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുക
നിയമസഭ പിരിച്ചുവിടാൻ കുമാരസ്വാമി സർക്കാർ തയ്യാറെങ്കിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി ഒരുക്കമാണ്. ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നാൽ 224 സീറ്റുകളിൽ 175 സീറ്റിലധികം ബി.ജെ.പി നേടും. കുമാരസ്വാമിയുടെ നേതൃത്വം അംഗീകരിക്കാത്ത 20 കോൺഗ്രസ് എം.എൽ.എമാരെങ്കിലുമുണ്ട്. ഇവരുടെ തീരുമാനം കാത്തിരിക്കുകയാണ് ഞാൻ.
-ബി.എസ്. യെദ്യൂരപ്പ
ബി.ജെ.പി കർണാടക അദ്ധ്യക്ഷൻ