കൊല്ലം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയുടെ പ്രസക്തി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ വിധിയെ അനുകൂലിക്കുന്നവർ പോലും പരാജയപ്പെട്ടെന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ പറഞ്ഞു.
കെ.ഡി.എഫ് സംസ്ഥാന നേതൃസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധി നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് പിടിവാശിയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷത്തുളള ചിലരുമുണ്ടായിരുന്നു. യുവതീ പ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും പലപ്പോഴായി നടത്തിയ പരസ്‌പര വിരുദ്ധ അഭിപ്രായങ്ങൾ ചിന്താകുഴപ്പത്തിന് ഇടയാക്കി. ആചാരത്തിന്റെ മറപിടിച്ച് അനാചാരം അടിച്ചേൽപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുത്തു തോല്പിക്കാനുള്ള കരുത്ത് കേരളത്തിലെ സാമൂഹ്യസംഘടനകൾക്കുണ്ട്. ജയപരാജയങ്ങളെ ശബരിമല വിഷയം കാര്യമായി ബാധിച്ചിട്ടില്ലെന്നും രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കെ.മദനൻ, റെജി പേരൂർക്കട, സാം ജോൺ, സുബ്രഹ്മണ്യൻ വളാഞ്ചേരി, രാജൻ വെമ്പിളി, എസ്.പി.മഞ്ജു, സുധീഷ് പയ്യനാട്, കെ.പി.സുകു, റോയി ജോൺ, ശൂരനാട് അജി, എം.ടി.രാധാകൃഷ്ണൻ, പി.എസ്.ബൈജു, മധുമോൾ പഴയിടം, മുഖത്തല കൃഷ്ണൻകുട്ടി, ടി.ആർ.വിനോയി എന്നിവർ സംസാരിച്ചു.