ചോട്ടാ ഉദയ്പ്പൂർ: ഗുജറാത്തിലെ ആദിവാസി ഗ്രാമങ്ങളിൽ പെൺകുട്ടികൾ കല്ല്യാണം കഴിക്കുന്നത് വരൻമാരുടെ സഹോദരിമാരെയാണ്. ഈ സമയത്ത് വിവാഹപന്തലിന്റെ ഏഴയലത്ത് പോലും വരൻമാരുടെ സാന്നിദ്ധ്യമുണ്ടാകില്ല. വിചിത്രമെന്ന് തോന്നാമെങ്കിലും വരൻമാരുടെ ആരോഗ്യം സംരക്ഷിക്കാനും അവർക്ക് ദീർഘായുസ്സുണ്ടാവാനും വേണ്ടിയാണ് ഇവർ ഈ ആചാരം നടത്തിപോരുന്നത്.
ആദിവാസികൾ കൂടുതലുളള ഗുജറാത്തിലെ സുർഖേദ, സനാദ, അംബൽ എന്നിവിടങ്ങളിലാണ് ഈ ആചാരം നിലവിലുളളത്. വിശ്വാസപ്രകാരം ഈ മൂന്ന് ഗ്രാമങ്ങളിലുമായി കുടിയിരുത്തിയിട്ടുളള ദൈവങ്ങൾ വിവാഹം ചെയ്യാത്തവരാണ്. അതുകൊണ്ടുതന്നെ ദൈവങ്ങളെ ആദരിക്കാനും കൂടി വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു ചടങ്ങ്. ഈ ആചാരം നടപ്പാക്കിയില്ലെങ്കിൽ വിവാഹമോചനങ്ങൾ ഉണ്ടാവുമെന്നും ആപത്തുകൾ വന്നു ഭവിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.
വരന് ആഭരണങ്ങളും തലപ്പാവും ഷെർവാണിയും പരമ്പരാഗതമായ ഉടവാളും ധരിക്കാം. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ അവകാശമില്ല.വിവാഹം കഴിഞ്ഞ ശേഷം വധുവും വീട്ടിൽ തന്നെ ഇരിക്കണം. വരന്റെ സഹോദരിയാണ് വിവാഹത്തിന്റെ ആഘോഷങ്ങളും മറ്റ് കലാപരിപാടികളും നയിക്കുക.