തിരുവനന്തപുരം: അനധികൃതമായി മദ്യവില്പന നടത്തിയ രണ്ട് പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയതുറ സ്വദേശി മനോജ് (37)​,​ പേട്ട സ്വദേശി നവാസ് (49)​ എന്നിവരാണ് പിടിയിലായത്. ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നിന്നും ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ചു ചില്ലറ വ്യാപാരം നടത്തുകയാണ് മനോജ് ചെയ്തുവന്നത്. വിദേശത്ത് നിന്ന് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരിൽ നിന്ന് വിദേശ നിർമ്മിത മദ്യം വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കുകയാണ് നവാസിന്റെ രീതി. ഇവരുടെ കൈയിൽ നിന്ന് എട്ട് ലിറ്റർ മദ്യം പൊലീസ് പിടിച്ചെടുത്തു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ, സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എന്നിവരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വലിയതുറ ഇൻസ്‌പെക്ടർ എ.കെ. ഷെറി, എസ്‌.ഐ ശ്യാംരാജ് നായർ, അസി. പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ മനോഹരൻ, ഇമാദുദ്ദീൻ, പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, ബിനു, അനിൽ, സാബു, ടിനു, ജിത്ത്, അനീഷ്, ഷാഡോ പൊലീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.