car

കഴക്കൂട്ടം: കഴക്കൂട്ടത്ത് ബൈക്കിലെത്തിയ സാമൂഹ്യ വിരുദ്ധർ നടത്തിയ ആക്രമണത്തിൽ 12 വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ്‌ സംഭവം. കഴക്കൂട്ടം - കുളത്തൂർ റോഡിൽ കെ.എസ്.ഇ.ബിക്ക് മുൻവശത്തായി ഒതുക്കിയിട്ടിരുന്ന കാർ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലർ സ്‌കൂൾ ബസ്, കഴക്കൂട്ടം ജ്യോതിസ് സ്‌കൂളിന് സമീപം ഒതുക്കിയിട്ടിരുന്ന കഴക്കൂട്ടം സജിൻ ഭവനിൽ തുളസീധരൻ നായരുടെ അംബാസഡർ കാർ, സാജി ആശുപത്രി ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന നർമദയിൽ രാകേഷിന്റെ ടാ​റ്റ ഐസ് വാഹനം, കുളത്തൂർ മുക്കോലയ്ക്കു സമീപം അജിഭവനിൽ അനൂപിന്റെ കാർ, കുളത്തൂർ കഴക്കൂട്ടം ബൈപാസിൽ സർവീസ്‌ റോഡിൽ ഇന്ത്യൻ ബാങ്കിന് സമീപം ഒതുക്കിയിരുന്ന ആട്ടോറിക്ഷ, മേനംകുളം ഭാരത് ഗ്യാസ് കമ്പനിക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ആറ്റിൻകുഴി സ്വദേശി സത്യശീലന്റെ രണ്ട് ലോറികൾ, ടെക്‌നോപാർക്ക്‌ ഫേസ് ത്രീക്ക് സമീപം കല്ലിങ്ങൽറോഡിൽ പാർക്കുചെയ്തിരുന്ന അജേഷ്‌കുമാറിന്റെ ലോറി, കല്ലിങ്ങൽ തൃപ്പാദപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന മിനി ബസ്, കുശമുട്ടം ക്ഷേത്രത്തിനു സമീപം എൻജിനിയറിംഗ് വർക്ക്ഷോപ്പ് ഉടമ ബോണിയുടെ ഒമിനി വാൻ എന്നിവയുടെ ചില്ലുകളാണ് കരിങ്കല്ലുകൾ, താബൂക്ക് എന്നിവ ഉപയോഗിച്ച് തകർത്തത്. കൂടാതെ പള്ളിനടയിൽ മോട്ടോർ സൈക്കിളും തള്ളിയിട്ട നിലയിൽ കണ്ടെത്തി. ഒരു വർഷത്തിന് മുൻപും സമാനമായ രീതിയിൽ 15 വാഹനങ്ങൾക്ക്‌ നേരെ ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. അന്ന് നടന്ന ആക്രമണത്തിലും കഴക്കൂട്ടം സ്വദേശി തുളസീധരൻ നായരുടെയും മുക്കോലയ്ക്കൽ സ്വദേശി അനൂപിന്റെയും വാഹനങ്ങൾ തകർത്തിരുന്നു. കഴക്കൂട്ടം, തുമ്പ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കാമറകൾ പൊലീസ് പരിശോധിക്കുകയാണ്.