അഹമ്മദാബാദ്: ഇനിയുള്ള അഞ്ചുവർഷങ്ങൾ രാജ്യത്തിന്റെ എല്ലാതരത്തിലുമുള്ള വികസനത്തിന് വേണ്ടി ഉപയോഗിക്കുമെന്ന് നരേന്ദ്രമോദി. ലോകരാജ്യങ്ങളിൽ ഇന്ത്യയെ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഗുജറാത്തിലെത്തിയ മോദി അഹമ്മദാബാദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ലോകം മുഴുവനും ബി.ജെ.പിയെ പിന്തുണച്ചതായി മോദി പറഞ്ഞു.
സൂററ്റിൽ കഴിഞ്ഞ ദിവസം ട്യൂഷൻ സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് ആദരാജ്ഞലി അർപ്പിച്ച ശേമാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
കഴിഞ്ഞ അഞ്ചുവർഷം സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്. ഇനിയുള്ള അഞ്ചുവർഷം എല്ലാതലത്തിലുമുള്ള വികസനത്തിന് വേണ്ടി ഉപയോഗിക്കുമെന്നും മോദി പറഞ്ഞു. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും റാലിയിൽ പങ്കെടുത്തിരുന്നു.