sndp-vanitha-sangam

വൈക്കം: കേരളത്തിൽ എല്ലാ പാർട്ടികളും ജയിച്ച തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വൈക്കത്ത് നടന്ന സംസ്ഥാന തല കലാ-കായികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

രാജ്യത്താകമാനം കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കേരളത്തിൽ യു.ഡി.എഫ് 19 സീറ്റ് നേടി എന്ന് ആശ്വസിക്കാം. ഇടതുപക്ഷം ഒരു സീറ്റിൽ ഒതുങ്ങിയെങ്കിലും സംസ്ഥാന ഭരണം കൈയിലുണ്ടെന്ന് സമാധാനിക്കാം. ബി.ജെ.പി കേരളത്തിൽ രക്ഷപ്പെട്ടില്ലെങ്കിലും കേന്ദ്രത്തിൽ ഭരണം പിടിച്ചു. അതാണ് 'പൊളിട്രിക്‌സ് '.ഇവിടെ എന്നത്തേയും പോലെ തിരഞ്ഞെടുപ്പിൽ തോറ്റത് അസംഘടിത ഭൂരിപക്ഷമാണ്. നരേന്ദ്ര മോദി വീണ്ടും രാജ്യം ഭരിക്കരുതെന്ന കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ തീരുമാനമാണ് യു.ഡി.എഫിന് വൻ വിജയം നേടിക്കൊടുത്തത്. പക്ഷേ ഇപ്പോൾ കുറ്റമെല്ലാം പിണറായിക്കാണ്. ശരീരഭാഷയും നിറവും നോക്കിയല്ല ഒരു ഭരണാധികാരിയെ വിലയിരുത്തേണ്ടത്. ഹൃദയം നോക്കിയാണ്. ഹൃദയ നൈർമ്മല്യത്തിന്റെ കാര്യത്തിൽ പിണറായി സമ്പന്നനാണ്.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന് അശ്രദ്ധയുണ്ടായിട്ടുണ്ട്.പക്ഷേ അതിന്റെ പേരിലാണ് എൽ.ഡി.എഫ് പരാജയപ്പെട്ടതെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണ്. ന്യൂനപക്ഷ തീരുമാനമാണ് ആ സുനാമിക്ക് പിന്നിൽ.

വടക്കേ ഇന്ത്യ അടച്ചുപിടിച്ച് നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നത് നല്ല കാര്യങ്ങൾ ചെയ്തിട്ട് തന്നെയാണ്. വടക്കോട്ട് നോട്ട് നിരോധനവും ജി.എസ് . ടിയുമൊന്നും ഒരു ചലനവും സ്യഷ്ടിച്ചില്ല. ഇത് സ്ത്രീകളുടെ കാലമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരിൽ ഏറെയും സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണം പൂർണമായ അർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് എസ്.എൻ.ഡി.പി യോഗം വനിതാ സംഘത്തിന് പ്രാധാന്യം നൽകുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ആശ്രമം സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ. പി. കൃഷ്ണകുമാരി അദ്ധ്യക്ഷയായിരുന്നു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് കലോത്സവ സന്ദേശം നൽകി. യോഗം കൗൺസിലർ ബേബി റാം. വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ, തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി.സുരേഷ് ബാബു, കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരിൽ, സെക്രട്ടറി എൻ. കെ. രമണൻ, എരുമേലി യൂണിയൻ പ്രസിഡന്റ് കെ.ബി.ഷാജി, കേന്ദ്ര വനിതാ സംഘം ട്രഷറർ ലോലമ്മ, എക്‌സി. അംഗങ്ങളായ ഷൈലജ രവീന്ദ്രൻ, ഗീത മധു, സൈബർ സേന ചെയർമാൻ കിരൺ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥ് സ്വാഗതവും യോഗം കൗൺസിലർ ഷീബ ടീച്ചർ നന്ദിയും പറഞ്ഞു.