ന്യൂഡൽഹി: പേര് ചന്ദ്രാണി മുർമു, വയസ് 25, സ്വദേശം ഒഡീഷ, എൻജിനീയറിംഗ് ബിരുദധാരി...ഇതൊന്നുമല്ല, ഇനി ചന്ദ്രാണിയുടെ മേൽവിലാസം. 17-ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയാണ് ഇനി ഇവർ. പഠനം കഴിഞ്ഞ് ജോലിയന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ചന്ദ്രാണി അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയാകുന്നത്. ഗോത്രവർഗ ഭൂരിപക്ഷ മേഖലയായ ക്യോഝാർ മണ്ഡലത്തിൽ ബിജു ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ചന്ദ്രാണി ലോക്സഭയിലെത്തിയത്. 66203 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ, മുമ്പ് രണ്ടുതവണ എം.പിയായിരുന്ന ബി.ജെ.പിയുടെ അനന്ത നായക്കിനെ പരാജയപ്പെടുത്തിയാണ് ചന്ദ്രാണി സ്വപ്നവിജയം സ്വന്തമാക്കിയത്. തന്റെ മണ്ഡലത്തിൽ ദളിതരെക്കൂടാതെ സ്ത്രീകളും യുവാക്കളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾകൂടി ലോക്സഭയിൽ ഉയർത്തിക്കാട്ടാനാണ് ചന്ദ്രാനിയുടെ തീരുമാനം. വാഗ്ദാനങ്ങൾക്കു പകരം നടപ്പാകുന്ന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഈ കന്നിവിജയക്കാരി. പുത്തൻ വ്യവസായങ്ങൾ സ്ഥാപിക്കുമെന്നും തൊഴിലില്ലായ്മ പരിഹരിക്കാൻ ശ്രമിക്കുമെന്നുമാണ് എം.പി ആയതിനുശേഷം ചന്ദ്രാണിയുടെ പ്രതികരണം.