തിരുവനന്തപുരം: അടുത്ത് തന്നെ നടക്കാനിരിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പിൽ ശബരിമല വിഷമാക്കില്ലെന്ന് ബി.ജെ.പി. പാർട്ടിയുടെ ജില്ലാ ഘടകമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വട്ടിയൂർക്കാവിൽ വികസനം മുൻനിർത്തിയുള്ള പ്രചാരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാക്കിയിട്ടും വൻ തിരിച്ചടി നേരിട്ടതാണ് ഇതിന് കാരണം. ഉപതിരഞ്ഞെടുപ്പിൽ വികസനം പ്രചാരണവിഷയമാക്കുന്നതാണ് വിജയ സാധ്യത കൂട്ടുന്നതെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാക്കിയപ്പോൾ ന്യൂനപക്ഷ ഏകീകരണം സംഭവിച്ചുവെന്നും അതിനാലാണ് പ്രചരണ തന്ത്രം മാറ്റാൻ ബി.ജെ.പി. ഉദ്ദേശിക്കുന്നതെന്നുമാണ് സൂചനകൾ. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. അതിനാൽ തന്നെ ശബരിമല വിഷയത്തിൽ തൊടാൻ ബി.ജെ.പി. ആഗ്രഹിക്കുന്നില്ല.
വികസനത്തിന്റെ വക്താവായി തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരനെ ഉയർത്തിക്കാട്ടാൻ ബി.ജെ.പി. ശ്രമം നടത്തിയിരുന്നുവെങ്കിലും ന്യൂനപക്ഷങ്ങൾ ഒന്നിച്ചതിനാൽ ഇത് പ്രവർത്തികമായില്ല. ബി.ജെ.പിക്ക് കിട്ടാവുന്നതിൽ പരമാവധി വോട്ടുകളാണ് തിരുവനന്തപുരത്തുനിന്നും ലഭിച്ചതെന്നും ജില്ലാ ഘടകം വിലയിരുത്തുന്നു. ഇതുകൊണ്ടു കൂടിയാണ് പുതിയ തന്ത്രം പരീക്ഷിക്കാൻ ബി.ജെ.പി. ഒരുങ്ങുന്നത്.