പുനലൂർ: കല്ലടയാറ്റിൽ കുളിക്കാനെത്തിയ നാലംഗസംഘത്തിലെ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. പുനലൂർ തൊളിക്കോട് ഫയർസ്റ്റേഷന് സമീപം കൊച്ചുവിള കടവിൽ ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെ ആയിരുന്നു അപകടം. പവർഹൗസ് വാർഡിൽ തലയാളംകുളം രശ്മിയിൽ ടി.രാധാകൃഷ്ണബാബു-ഭക്തപ്രിയ ദമ്പതികളുടെ മകൻ ശ്യാംകൃഷ്ണൻ (28), ശ്യാമിന്റെ സുഹൃത്തും അയൽവാസിയുമായ
മണ്ണുവയൽ പുത്തൻ വീട്ടിൽ സോമശേഖരൻ-ഗ്രേസി ദമ്പതികളുടെ മകൻ പ്രതീഷ് (35) എന്നിവരാണ് മരിച്ചത്.
ആറ്റിലിറങ്ങിയ പ്രതീഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതാണ് ശ്യാം. ഒപ്പമുള്ളവർ അലമുറയിട്ടതോടെ ഓടിക്കൂടിയ നാട്ടുകാർ ശ്യാമിനെ കരയ്ക്കെത്തിക്കുകയായിരുന്നു. അഗ്നിശമനസേനയുടെ ആംബുലൻസിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് അഗ്നിശമനസേന നടത്തിയ തെരച്ചിലിലാണ് പ്രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്യാം പുനലൂരിൽ ഫോട്ടോഗ്രാഫറാണ്.ഭാര്യ:ബബിത. സഹോദരി: രശ്മി.
പ്രതീഷ് ജിപ്സംബോർഡ് വർക്കറാണ്. പ്രിയയാണ് സഹോദരി. ഇരുവരുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.