pj-joseph-

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ മുൻ നിരയിലെ സീറ്റ് പി.ജെ. ജോസഫിന് നൽകുമെന്ന് സ്പീക്കറുടെ ഓഫീസ്. നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് ഒഴിച്ചിടാനാകില്ല. നിലവിലെ ഉപനേതാവായ പി.ജെ. ജോസഫിന് ആ സീറ്റ് നൽകും. കക്ഷിനേതാക്കളെ അതത് പാർട്ടിക്ക് തീരുമാനിക്കാമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ സാവകാശം വേണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എം.എൽ.എ നേരത്തെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. പി ജെ ജോസഫിന് ചുമതല നൽകണം എന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എയും സ്പീക്കർക്ക് കത്ത് നൽകി. കെ.എം മാണിയുടെ അഭാവത്തിൽ നിയമസഭ കക്ഷി നേതാവെന്ന നിലയിൽ മുൻനിരയിലുള്ള അദ്ദേഹത്തിന്റ ഇരിപ്പിടം ഉപനേതാവായ പി.ജെ ജോസഫിന് നൽകണമെന്നാണ് മോൻസ് ജോസഫ് സ്പീക്കർക്ക് നല്‍കിയ കത്തിലെ ആവശ്യം. പുതിയ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല. നിലവിലുള്ളയാൾ ഇല്ലെങ്കിൽ ഉപനേതാവായിരിക്കും കക്ഷിനേതാവ് എന്നതാണ് പാർട്ടി ചട്ടമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഈ സാഹചര്യത്തിലാണ് സ്പീക്കർ വിഷയത്തിൽ വ്യക്തത വരുത്തിയത്.