കൊൽക്കത്ത: ശാരദ ചിട്ടിത്തട്ടിപ്പ് കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനും കൊൽക്കത്ത മുൻപൊലീസ് കമ്മിഷണറുമായ രാജീവ് കുമാറിന് സി.ബി.ഐ സമൻസ് നൽകി. കൊൽക്കത്തയിലെത്തിയാണ് സി.ബി.ഐ സമൻസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും രാജീവ് കുമാറിനോട് ആവശ്യപ്പെട്ടു.
കേസിൽ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണത്തിലാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണ തലവനായിരിക്കെ രാജീവ് കുമാർ കേസ് അട്ടിമറിക്കാൻ തെളിവുകൾ നശിപ്പിച്ചെന്നാണ് ആരോപണം. രാജീവ് കുമാറിനെ സി.ബി.ഐ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.രാജീവ് കുമാർ രാജ്യം വിടാന് സാദ്ധ്യതയുണ്ടെന്ന് കാണിച്ച് സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാജീവ് കുമാർ നൽകിയ ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. നേരത്തെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഏഴു ദിവസത്തേക്ക് കോടതി തടഞ്ഞിരുന്നു. ഇതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. ഇത് നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് രാജീവ് കുമാർ കോടതിയെ സമീപിച്ചത്.
രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരുന്നു 2500 കോടിരൂപയുടെ ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ചിരുന്നത്. 2013ൽ മമത ബാനർജിയാണ് രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തുടർന്ന് 2014ൽ കേസ് സി.ബി.ഐയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു.
നേരത്തെ രാജീവ് കുമാറിനെ സി.ബി.ഐ വേട്ടയാടുന്നുവെന്നാരോപിച്ച് മമതാ ബാനർജി രംഗത്തെത്തിയിരുന്നു. രാജീവ് കുമാറിന്റെ വീട് റെയ്ഡ് ചെയ്യാനുള്ള ശ്രമത്തെ പൊലീസിനെ ഉപയോഗിച്ച് തടയുകയും കേന്ദ്രസർക്കാറിനെതിരെ സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.